ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തില്‍ തന്നെയെന്ന് സിബിഐയുടെ പ്രാഥമിക നിഗമനം; കലാഭവന്‍ സോബിയും ഡ്രൈവറും പറഞ്ഞത് നുണ

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ എത്തി സി.ബി.ഐയും. നുണ പരിശോധനയില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്താനായില്ല. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളവാണെന്നും തെളിഞ്ഞു. സ്വര്‍ണക്കടത്തുമായി അപകടത്തിന് ബന്ധമുണ്ടെന്ന കലാഭാവന്‍ സോബിയുടെ ആരോപണവും വ്യാജമാണെന്ന് തെളിഞ്ഞു.

കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ബാലഭാസ്‌കറുമായി ബന്ധമുളള നാലുപേരെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, കേസില്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. കലാഭവന്‍ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

അപകടമരണത്തിന് അപ്പുറം കൊലപാതകത്തിലെക്ക് നയിക്കുന്ന വിവരങ്ങള്‍ ഒന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അര്‍ജുന്‍ അന്വേഷണ ഉദ്യോഗസഥര്‍ക്ക് നല്‍കിയ മൊഴി. എന്നാല്‍ ഇത് കളവാണെന്ന് നുണപരിശോധനയില്‍ കണ്ടെത്തി. കലാഭവന്‍ സോബിയുടെ മൊഴിയായിരുന്നു കേസിനെ കൂടുതല്‍ ദുരൂഹമാക്കിയത്.

അപകടം നടക്കുന്നതിന് മുന്‍പ് ബാലഭാസ്‌കറിന്റെ വാഹനത്തെ ചിലര്‍ ആക്രമിച്ചതായും സ്വര്‍ണം അടങ്ങിയ പെട്ടി എടുത്ത് മാറ്റുന്നത് കണ്ടുവെന്നുമായിരുന്നു സോബിയുടെ മൊഴി. എന്നാല്‍ നുണ പരിശോധനയില്‍ ഇത് തെളിയിക്കാനായില്ല.

പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ്. അതിനാല്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലുണ്ടോ എന്നാണ് സി.ബി.ഐ.അന്വേഷണം കേന്ദ്രീകരിച്ചത്. എന്നാല്‍ കേസില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ നിഗമനത്തിലെക്ക് തന്നെയാണ് സിബിഐയും ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News