ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തുടരുന്നു; കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന്‍ കോടതിയില്‍

കൊച്ചി: ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നു. കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്‍ ഐ യുടെ അന്വേഷണവും ഇഡിയുടെ അന്വേഷണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. മൂന്ന് അന്വേഷണ എജന്‍സികളും മൂന്ന് വഴികളിലായാണ് അന്വേഷണം. ശിവശങ്കറിനെതിരായ ആരോപണം പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അനധികൃത വരുമാനം ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറെന്ന് സ്വപ്നയുടെ മൊഴി മാത്രമെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ കള്ളകടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കര്‍ സഹായിച്ചതെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ടിലൂടെ മനസിലാകുന്നതെന്ന് കോടതി. ലോക്കര്‍ ഇടപാടിന് ഒരു വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണക്കടത്ത് നടന്നത്. അതിനാല്‍ ഇത് തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാനാകുമെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ ചോദിച്ചു. കള്ളക്കടത്ത് ഗൂഡാലോചന തുടങ്ങുന്നത് 20l9 ജൂണില്‍ മാത്രം.
എന്നാല്‍ ലോക്കര്‍ തുറന്നത് 2018 ഓഗസ്റ്റിലാണ്. ഇതിനെ എങ്ങനെ കളള കടത്തുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ശിവശങ്കര്‍ ചോദിച്ചു.
സ്വപ്നയുടെ നിര്‍ദേശപ്രകാരം ശിവശങ്കര്‍ എവിടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നില്ല

ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പറയുന്നു. അവരുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വപ്നയുടെ നിര്‍ദേശപ്രകാരം ശിവശങ്കര്‍ വിളിച്ചത് ഫുഡ് ആന്‍ഡ് സേഫ്ടി കമ്മീഷണറെയെന്ന് അഭിഭാഷകന്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ ഭക്ഷണ ബാഗേജ് തടഞ്ഞുവച്ചപ്പോഴായിരുന്നു അത്. സ്വര്‍ണ്ണക്കടത്ത് നടന്നത് തിരുവനന്തപുരം വിമാനത്താവളത്തിലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here