അസംബന്ധ ഭാഷണങ്ങളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മൂല്യം രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തി:മന്ത്രി തോമസ് ഐസക്

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്

അസംബന്ധ ഭാഷണങ്ങളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മൂല്യം രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തിയിട്ട് കാലം കുറെയായി. ഏറ്റവുമൊടുവിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ അപകീർത്തിപ്പെടുത്താനാണ് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ ശകുനി വേഷം കെട്ടാനുള്ള ഈ പുറപ്പാട് മറ്റേതൊരു കുതന്ത്രത്തെയും പോലെ അദ്ദേഹത്തെ തിരിഞ്ഞു കടിക്കുമെന്ന് ഉറപ്പാണ്.

കൂട്ടത്തിൽ പറയട്ടെ, പ്രതിപക്ഷ നേതാവ് ആധാരമാക്കുന്ന പത്രവാർത്തയും ബഹു കേമമാണ്. വാർത്തയിലെ പ്രസക്തമായ വാചകം ഉദ്ധരിക്കട്ടെ. “സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിക്കാൻ തിരുവനന്തപുരത്തെത്തിയ വരിക്കോടൻ അബ്ദുൽ ഹമീദിനെ കൂട്ടിക്കൊണ്ടുപോയത് സന്ദീപ് നായരുടെ അടുത്തേയ്ക്കാണ്”.

ഏതു ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ? ഏതു സ്ഥാപനത്തിനു വേണ്ടിയാണ് കരാർ? എന്നാണിയാൾ തിരുവനന്തപുരത്തെത്തിയത്? എവിടുത്തുകാരനാണിയാൾ, ഏതു കമ്പനിയുടെ പ്രതിനിധിയായാണ് അദ്ദേഹം കരാറിൽ പങ്കെടുക്കാനെത്തിയത് തുടങ്ങി പ്രസക്തമായ ഒരു വിവരവും വാർത്തയിലില്ല. പക്ഷേ, ഒന്നാം പേജിൽത്തന്നെ പ്രതിഷ്ഠിക്കാൻ അതൊന്നും പത്രത്തിന് ഒരു കുറവായി തോന്നിയില്ല. കിട്ടിയപാടെ പ്രതിപക്ഷ നേതാവ് വെള്ളം ചേർക്കാതെ വാർത്ത വിഴുങ്ങുകയും പത്രസമ്മേളനം നടത്തി അഴിമതിയാരോപണം ഛർദ്ദിക്കുകയും ചെയ്തു. ഇതൊക്കെ മോശമല്ലേ സാർ.

ഇങ്ങനെയൊക്കെ വാർത്ത വരുമ്പോൾ പ്രാഥമികാന്വേഷണം നടത്തുന്ന പതിവൊന്നും നമ്മുടെ പ്രതിപക്ഷ നേതാവിന് പണ്ടേയില്ല. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഹൈടെക്കാകാൻ രണ്ടു ഘട്ടങ്ങളിലായി ഒരു ലക്ഷത്തി പതിനായിരത്തോളം ലാപ്ടോപ്പുകളും അറുപത്തയ്യായിരത്തോളം പ്രൊജക്ടറുകളുമാണ് വാങ്ങിയത്. നിയമാനുസൃതമായി ടെൻഡർ വിളിച്ചാണ് കരാർ ഉറപ്പിച്ചത്. ഗുണനിലവാരവും 5 വർഷ വാറണ്ടിയും പരാതി പരിഹാര സംവിധാനവുമുൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളുടേയും പൂർണ്ണ മേൽനോട്ടത്തിനു സർക്കാർ നിയമിച്ച സാങ്കേതിക സമിതിയും നിലവിലുണ്ട്.

ടെൻഡറിൽ പങ്കെടുക്കാൻ ഇന്ത്യയിലെ പ്രമുഖരായ നാല് ലാപ്ടോപ്പ് നിർമ്മാണ കമ്പനികളും എത്തിയിരുന്നു. “Original Equipment Manufacture (OEM) or One of their authorised representative” എന്നതായിരുന്നു ടെൻഡറിൽ പങ്കെടുക്കാൻ വേണ്ട വ്യവസ്ഥ. ലാപ്ടോEപ് ടെണ്ടറില്‍ പങ്കെടുത്തത് Acer, Dell, HP, Lenovo എന്നീ കമ്പനികളാണ്. ഉപകരണങ്ങൾ സ്കൂളുകളിൽ സ്ഥാപിക്കേണ്ട ചുമതലയും വെന്റർമാർക്കാണ്. ഇതിൽ ഏതു കമ്പനിയുടെ പ്രതിനിധിയാണ് സർ, മേൽപ്പറഞ്ഞ വരിക്കോടൻ അബ്ദുൽ ഹമീദ്? ഏത് അസംബന്ധവും വിഴുങ്ങുന്ന മനോഭാവത്തിലേയ്ക്ക് പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരിക്കുന്ന ഒരാൾ അധഃപതിക്കാമോ, അധികാരത്തോട് എത്ര ആർത്തിയുണ്ടെങ്കിലും?

45 ലക്ഷം കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയപ്രവർത്തകരുമായി വലിയൊരു ജനസഞ്ചയം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു വർഷമായി ഉണ്ട്. അവരുടെ മുന്നിലാണ് പ്രതിപക്ഷ നേതാവ് കടുകുമണിയോളം ചെറുതായിപ്പോയത്.

അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ ഒരു നിലവാരം നോക്കൂ. ഇതുസംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പിലെ ഒരു വാചകം ഇങ്ങനെയാണ്.

“സർക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഹൈടെക് സ്കൂള്‍ പദ്ധതി ഉപയോഗിച്ചാണ് മുഖ്യപ്രതി കെ.ടി റമീസ് നയതന്ത്ര പാഴ്സല്‍ സ്വർണ്ണക്കടത്തിനുള്ള നിക്ഷേപം സമാഹരിച്ചത് എന്നും ഇപ്പോള്‍ വാർത്തകൾ പുറത്തുവരുന്നു”

ഇങ്ങനെയൊന്നും ഒരു വാർത്തയും ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രതിപക്ഷ നേതാവ് ആധാരമാക്കുന്ന പത്രവാർത്തയിലും ഇത്തരമൊരു വെളിപ്പെടുത്തലൊന്നുമില്ല. ആ പരാമർശം വസ്തുതാവിരുദ്ധമാണ്. പത്രവാർത്തയിൽ മനോധർമ്മം പ്രയോഗിച്ച് വിവാദമുണ്ടാക്കാൻ കഴിയുമോ എന്നു പരീക്ഷിച്ചു നോക്കുകയാണ് പ്രതിപക്ഷ നേതാവ്. ഇതൊക്കെക്കൊണ്ട് അദ്ദേഹം എന്താണ് നേടുന്നത്?

ഇതുമാത്രമല്ല, ലൈഫ് പദ്ധതി പോലെ തന്നെ ഹൈടെക് സ്കൂള്‍ നവീകരണ പദ്ധതിയും സ്വര്ണ,ക്കടത്തിനുള്ള മറയായി ഉപയോഗിക്കുകയായിരുന്നു എന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികള്‍ ആരുടെയൊക്കെ ബിനാമികളാണെന്ന് കണ്ടെത്തണമെന്നുമൊക്കെ അദ്ദേഹം ആരോപിക്കുന്നുണ്ട്. ആരോപണമുന്നയിക്കുകയല്ലാതെ തെളിവു ഹാജരാക്കി സാധൂകരിക്കാനുള്ള ചുമതലയൊന്നും അദ്ദേഹം ഇതേവരെ ഏറ്റെടുത്തിട്ടില്ലല്ലോ. കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിനോ മെയിൻ്റനൻസ് നടത്തുന്നതിനോ പ്രത്യേകിച്ച് ഒരു കരാറുകാരനും ഇല്ല. അവയെല്ലാം ടെണ്ടറിൽ പങ്കെടുത്ത നിർമ്മാതാവിൻ്റെ ചുമതലയാണ്.

എന്നാൽ കേരളത്തിലെ സ്കൂളുകളിൽ സ്ഥാപിച്ച ലാപ്ടോപ്പും പ്രോജക്ടറുകളുമൊക്കെ ഇ-വേസ്റ്റാണ് എന്ന് ആക്ഷേപിക്കാനുള്ള തൊലിക്കട്ടിയെ നമിക്കാതെ വയ്യ. ഇത്തരമൊരു ആരോപണമുന്നയിക്കുന്നതിലൂടെ കേരളത്തിലെ ലക്ഷക്കണക്കിന് അധ്യാപകരെ ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ലക്ഷക്കണക്കിന് ലാപ്ടോപ്പുകളിൽ ഒരെണ്ണം പോലും ഇ വേസ്റ്റാണെന്ന പരാതി സ്കൂൾ അധികാരികളോ പിടിഎയോ ഉന്നയിച്ചിട്ടില്ല. അതിനു കാരണം, CDAC ഡയറക്ടർ പ്രൊഫ. ജി. ജയശങ്കര്‍ ചെയർമാനായും NIC സീനിയര്‍ ടെക്നിക്കല്‍ ഡയറക്ടര്‍, ഐടി വകുപ്പിലെ SeMT തലവന്‍, ധനവകുപ്പിൽ നിന്നുള്ളഫിനാന്സ്യ ഓഫീസര്‍, കൈറ്റ് സി.ഇ.ഒ എന്നിവര്‍ അംഗങ്ങളുമായ സാങ്കേതിക സമിതിയുടേതാണ് സാങ്കേതിക സ്പെസിഫിക്കേഷനും മേൽനോട്ടവും.

ഇ-വേസ്റ്റ് എന്താണ് എന്ന് ആരോടെങ്കിലും ചോദിച്ച് മനസിലാക്കിയിട്ടു വേണമായിരുന്നു, ആക്ഷേപമുന്നയിക്കാൻ. പൂർണതോതിൽ പ്രവർത്തനസജ്ജമായ ലാപ്ടോപ്പിനെയും പ്രൊജക്ടറിനെയുമൊക്കെ ആരെങ്കിലും ഇ വേസ്റ്റ് എന്നു വിളിക്കുമോ? പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ അങ്ങനെ സംശയിക്കുന്നതിലും അർത്ഥമില്ല.

അസംബന്ധം പറയാൻ തീരുമാനിച്ചിറങ്ങിയവരോട് കാര്യങ്ങൾ അന്വേഷിച്ചു മനസിലാക്കണം എന്നാവശ്യപ്പെടുന്നതു മറ്റൊരു അസംബന്ധമല്ലേ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News