വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി എകെ ബാലന്‍ കൂടിക്കാ‍ഴ്ച നടത്തി

വാളയാറില്‍ പീഢനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി എകെ ബാലന്‍ കൂടിക്കാ‍ഴ്ച നടത്തി.

സര്‍ക്കാര്‍ കുടുംബത്തിനൊപ്പമാണെന്നും തുടരന്വേഷണവും പുനര്‍വിചാരണയുമാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും എകെ ബാലന്‍ പറഞ്ഞു. അന്വേഷണത്തില്‍ വീ‍ഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

വാളയാറില്‍ പീഢനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തെ മുന്‍ നിര്‍ത്തി ചില സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി എകെ ബാലന്‍ കുട്ടികളുടെ അമ്മയുള്‍പ്പെടെയുള്ളവരുമായി കൂടിക്കാ‍ഴ്ച നടത്തിയത്.

പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാ‍ഴ്ചയില്‍ കേസുമായി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ മന്ത്രി എകെ ബാലന്‍ വിശദീകരിച്ചു.

ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വീ‍ഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി സര്‍ക്കാര്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലും ഹൈക്കോടതിയില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ചില സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കുടുംബത്തെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here