വർണങ്ങൾ  വാരിവിതറി, കാതടപ്പിക്കുന്ന ശബ്ദം ചെവിയിൽ അലയടിപ്പിച്ച് ദീപാവലി ആഘോഷിക്കുമ്പോൾ സഹജീവികളെ മറക്കണ്ട 

കൊവിഡ് മഹാമാരി ലോകത്ത് ഭീതി പടർത്തുന്നതിനിടെ ഇംഗ്ലണ്ടിൽ പ്രതീക്ഷയുടെ സൂചനയായി ജനിച്ച ഒരു സീബ്രകുട്ടിയെ ഓർമയില്ലേ.വാർത്തകളിൽ ഇടം നേടിയ സീബ്രാ കുഞ്ഞിന് റാക്സ്ഹോളിലുള്ള നോഹാസ് ആർക് മൃഗശാലാധികൃതർ നൽകിയ പേര് ഹോപ് എന്നായിരുന്നു.പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഒമ്പത് മാസം മാത്രം പ്രായമുള്ള ഹോപ്പ് ഭയന്നോടുന്നതിനിടെ വേലികെട്ടിൽ ഇടിച്ചു വീണു. പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് പെട്ടെന്നുണ്ടായ ഞെട്ടലാണ് മരണകാരണമായതെന്ന് തിരിച്ചറിഞ്ഞത്.

പടക്കം പൊട്ടുന്ന ശബ്ദം മൂലം മൂന്ന് വളർത്തു കിളികൾ പേടിച്ചു ചത്തു എന്ന പരാതിയും നമ്മൾ വായിച്ചതാണ് .പടക്കങ്ങളുടെ ശബ്ദം കേട്ട ഉടനെ കിളികൾ കൂടിനുള്ളിലൂടെ ഭയന്ന് പറക്കുകയായിരുന്നു. നിമിഷങ്ങൾക്കകം അവ ചത്തു വീഴുകയും ചെയ്തു.നിമിഷ നേരം നീണ്ടുനിൽക്കുന്ന സന്തോഷങ്ങൾക്കായി പടക്കവും വെടിക്കെട്ടും ആഘോഷിക്കുമ്പോൾ മറ്റ് ജീവികളെ കൂടി നാം പരിഗണിക്കേണ്ടതുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഇതെല്ലം.

എന്തിനാണ് അയൽ രാജ്യങ്ങളിലേക്ക് പോകുന്നത്.നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ലേ അപകടങ്ങൾ.പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്നോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ രണ്ടുപേരെ ചവിട്ടി കൊന്നു എന്നതും വാർത്തയായിരുന്നു.പടക്കം പൊട്ടുമ്പോൾ പേടിച്ചോടുന്ന മൃഗങ്ങളെ നമ്മൾ ഇപ്പോഴും കാണുന്നുണ്ട്. പടക്കങ്ങളുടെ ശബ്ദം പൊതുവേ ജീവജാലങ്ങളിലെല്ലാം ഭയമുണ്ടാക്കുന്ന ഒന്നാണ്.ചിലപ്പോൾ അവയുടെ ജീവന് വരെ ആപത്താകും.

കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങൾ മാനത്തു വാരിവിതറി, കാതടപ്പിക്കുന്ന ശബ്ദം ചെവിയിൽ അലയടിപ്പിച്ച് ദീപാവലി കൊഴുപ്പിക്കുന്നവർ ഓർക്കുക.ഒട്ടേറെ മൃഗങ്ങൾ പേടിച്ചരണ്ട് വീടുകളിലും നാടുകളിലും ഉണ്ടാകുമെന്ന്.അതുകൊണ്ടു ഇത്തവണത്തെ ദീപാവലി ശബ്ദങ്ങൾ ഇല്ലാതെ ആഘോഷിക്കൂ എന്നൊരു സന്ദേശമാണ് Humane Society International/India മുന്നോട്ട് വെക്കുന്നത്.

പടക്കങ്ങൾക്ക് മൃഗങ്ങളുടെ ജിവിതത്തെ തവിടുപൊടിയാക്കാനാവും എന്നത് ആലോചിക്കാതെ പോകരുത് എന്ന് പറയുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടി Humane Society International/India പറയുന്നു

നിങ്ങളുടെ ഓമനമൃഗങ്ങളെ വലിയ ശബ്ദങ്ങളിൽ ഒറ്റയ്ക്ക് ആക്കാതിരിക്കുക.അവരെ ശ്രദ്ധിക്കുക.ആഘോഷങ്ങൾക്കിടയിലേക്കു വളർത്തു മൃഗങ്ങളെ കൊണ്ടുപോകരുത്.

ഭക്ഷണവും വെള്ളവും കൃത്യമായി നൽകുക .ചെറിയ ശബ്ദങ്ങൾ പോലും പക്ഷി-മൃഗാദികൾക്കു വലിയ ആഘാതം ഉണ്ടാക്കാം.അതിനാൽ ശബ്ദം കുറവുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാം.ബാക്കി വരുന്ന പടക്കങ്ങൾ,പൊട്ടാത്ത പടക്കങ്ങൾ പിന്നീടാണെങ്കിലും മൃഗങ്ങൾക്ക് കിട്ടാത്ത തരത്തിൽ ഉപേക്ഷിക്കുക
പ്രകൃതിക്കു അനുയോജ്യമായ തരത്തിൽ പുകയും ശബ്ദവും കുറയ്ക്കുക

കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങൾ മാനത്തു വാരിവിതറി, കാതടപ്പിക്കുന്ന ശബ്ദം ചെവിയിൽ അലയടിപ്പിച്ച് ആഘോഷങ്ങൾ കൊഴുപ്പിക്കുന്നവർ സഹജീവികളുടെ വാസസ്ഥലം കൂടിയാണീ ഭൂമി എന്നോർക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News