വിഷമഘട്ടത്തില്‍ നസ്രിയയും അനന്യയും കൂടെനിന്നു; ഇനിയുള്ള ജീവിതം മകനുവേണ്ടി; മനസ്സു തുറന്ന് മേഘ്ന

മകന്‍റെ പിറവിയോടെ ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിച്ചുവരികയാണ് നടി മേഘ്ന രാജും കുടുംബവും. മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അകാലവിയോഗത്തിന്റെ നടുക്കത്തിൽ നിന്നും കുടുംബവും ആരാധകരും മുക്തരാകുന്നതേയുള്ളൂ.

ഇപ്പോ‍ഴിതാ ജൂനിയര്‍ ചിരുവിന്‍റെ വരവാണ് മേഘ്നയുടെയും ചിരുവിന്‍റെയും കുടുംബത്തില്‍ സന്തോഷം നിറയ്ക്കുന്നത്. അടുത്തിടെയായിരുന്നു കുഞ്ഞിന്‍റെ ജനനം. കുഞ്ഞിന്‍റെ ജനനവും വിശേഷങ്ങളും പങ്കുവച്ച് മാധ്യമങ്ങളോട് സംസാരിക്കുന്ന മേഘ്നയുടെ വിഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ചിരുവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ വാചാലയാവുകയാണ് നടി മേഘ്ന. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണശേഷം ആദ്യമായാണ് ഒരു മാധ്യമത്തിന് മുന്നില്‍ മേഘ്നയെത്തുന്നത്.

ചിരുവിന്റെ മരണം തന്നെ മാനസികമായി തളർത്തിയെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നുമാണ് മേഘ്ന പറയുന്നുത്.

‘ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. ജീവിതത്തിൽ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. ചിരു അതിന് നേർ വിപരീതവും. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചിരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ?.’മേഘ്ന പറയുന്നു.

വിഷമഘട്ടത്തില്‍ തന്‍റെ അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നെന്നും മേഘ്ന പറഞ്ഞു. മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ഉടനെ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു.

“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.

ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here