ശബരിമല തീര്‍ത്ഥാടനം പൂര്‍ണ്ണമായും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം പൂര്‍ണ്ണമായും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ദര്‍ശനത്തിന് എത്താത്തവരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 16 തിങ്കളാഴ്ച ശബരിമല തീര്‍ഥാടനം ആരംഭിക്കാനിരിക്കെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പൂര്‍ണ്ണമായും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം. സാമൂഹ്യ അകലം പാലിച്ച് ദര്‍ശനത്തിന് തീര്‍ത്ഥാടകരെ ക്രമീകരിക്കും. ഇതിനായി ഓരോ തീര്‍ത്ഥാടകര്‍ക്കും സ്ഥലം അടയാളപ്പെടുത്തി നല്‍കും. 60നും 65നും മദ്ധ്യേ പ്രായമുള്ളവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

കോവിഡ് 19 രോഗികള്‍ തീര്‍ത്ഥാടനത്തിന് എത്താത്ത സാഹചര്യം ഉറപ്പ് വരുത്തും. തീര്‍ഥാടകര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ഇതിനു പുറമേ തിരുവനന്തപുരം, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലും തീര്‍ത്ഥാടകര്‍ എത്തുന്ന എല്ലാ ബസ് സ്റ്റാന്റുകളിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് സജ്ജീകരണം ഒരുക്കും. നിലയ്ക്കലും പമ്പയിലും കോവിഡ് ടെസ്റ്റിംഗ് കിയോസ്‌കുകള്‍ ഏര്‍പ്പെടുത്തും.

അയല്‍സംസ്ഥാനത്തില്‍ നിന്ന് അടക്കം ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ നെഗറ്റീവ് ആകുന്നതു വരെ ചികിത്സ നല്‍കും. തീര്‍ത്ഥാടകരുടെ ആവശ്യപ്രകാരം പൊതു, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ നല്‍കും. പത്തനംതിട്ട, കോട്ടയം മെഡിക്കല്‍ കോളേജുകളിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗകര്യവും ആംബുലന്‍സ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാധ്യമങ്ങളിലേയും മറ്റ് വകുപ്പുകളിലേയും പരിമിത എണ്ണം ജീവനക്കാര്‍ക്ക് സ്റ്റേ അനുവദിക്കും. ഇവര്‍ വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഐഡന്റിറ്റി കാര്‍ഡുകളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പരിശോധയ്ക്ക് ഹാജരാക്കണം. ബഹു: ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നിലയ്ക്കലില്‍ 750 ഓളം തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കും. പമ്പയിലും, സന്നിധാനത്തും തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനോ തങ്ങാനോ ഉള്ള സൗകര്യങ്ങള്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഉണ്ടാകില്ല.

മല കയറുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ല. ഉയര്‍ന്ന കായികാദ്ധ്വാനം വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക് ധരിക്കുന്നതിനെ കുറിച്ച് നിലവിലുള്ള പ്രൊട്ടോക്കോള്‍ അനുസരിച്ചാണ് ഈ ഇളവ്. എന്നാല്‍ കര്‍ശനമായ സാമൂഹ്യ അകലം തീര്‍ഥാടകര്‍ പാലിക്കേണ്ടതാണ്. ഉപയോഗിച്ചു കഴിഞ്ഞ മാസ്‌ക്ക് വലിച്ചെറിയാന്‍ പാടുള്ളതല്ല. ഉപയോഗിച്ചു കഴിഞ്ഞ മാസ്‌ക്ക് ശേഖരിച്ച് നശിപ്പിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. കടകളില്‍ സാനിറ്റൈസറുകളും മാസ്‌ക്കുകളും മറ്റ് അണുനശീകരണ സാധനങ്ങളും വില്‍പ്പനയ്ക്കും അല്ലാതെയും ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കും. ആവശ്യത്തിന് മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും പ്രവര്‍ത്തിപ്പിക്കാനും

സാമൂഹ്യ അകലം പാലിച്ച് ഇരിപ്പിടമൊരുക്കി തീര്‍ത്ഥാടകര്‍ക്കുള്ള അന്നദാനം നടത്തും. തീര്‍ഥാടകര്‍ക്ക് പമ്പയില്‍ 200 രൂപ അടച്ചാല്‍ സ്റ്റീല്‍ പാത്രത്തില്‍ ചുക്ക് വെള്ളം നല്‍കുകയും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാത്രം തിരികെ ഏല്‍പ്പിച്ചാല്‍ പൈസ തിരികെ നല്‍കുകയും ചെയ്യുന്ന സംവിധാനം ദേവസ്വം ബോര്‍ഡ് ഒരുക്കും.

ഡ്യൂട്ടിയിലുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് മെസില്‍ ഭക്ഷണം ലഭ്യമാക്കും. ടോയ് ലെറ്റുകളുടെ പ്രവര്‍ത്തനം ആരോഗ്യ വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നിരീക്ഷിക്കുകയും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ശ്രീ.എന്‍.വാസു, റവന്യു (ദേവസ്വം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ.ആര്‍.ജ്യോതിലാല്‍, സംസ്ഥാന ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ശ്രീ രത്തന്‍കേല്‍ക്കര്‍, സംസ്ഥാന പോലീസ് എ.ഡി.ജി.പി ഡോ: ഷേഖ് ദര്‍വേഷ് സാഹിബ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ സരിത ആര്‍.എല്‍, ബി.എസ്.തിരുമേനി, കമ്മീഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News