കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സൗമിനി ജെയിന് സീറ്റില്ല

സിറ്റിംഗ് മേയറായിരുന്ന സൗമിനി ജയിനിനെ ഒഴിവാക്കി യുഡിഎഫിന്റെ കൊച്ചി നഗരസഭയിലേക്കുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിലെ മേയറെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടിയും ഭരണവിരുദ്ധ വികാരവും ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സൗമിനി ജയിനിന് സീറ്റ് നിഷേധിച്ചത്. സൗമിനി സ്വയം മത്സരത്തില്‍ നിന്നും പിന്മാറിയെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കൊച്ചി നഗരത്തിന്റ വികസനം മുഖമുദ്രയാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് സൗമിനി ജയിനിനെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മേയറെ മത്സരിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ ആവശ്യപ്പെടുകയായിരുന്നു. യുഡിഎഫ് ഭരണകാലത്തെ കെടുകാര്യസ്ഥതയും അഴിമതിയും നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും ഹൈക്കോടതി വിമര്‍ശനവുമെല്ലാം ഭരണത്തുടര്‍ച്ചയ്ക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ഡിസിസി നേതൃത്വം. കൂടാതെ മേയര്‍ കസേരയ്ക്ക് വേണ്ടിയുളള ഗ്രൂപ്പ് വൈരവും ഭരണസ്തംഭനാവസ്ഥയും ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ആശങ്കയും കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്.

എറണാകുളം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ തലനാരിഴയ്ക്ക് വിജയിച്ചെങ്കിലും, നഗരഹൃദയഭാഗത്തുണ്ടായ വോട്ട് ചോര്‍ച്ച വലിയ ഞെട്ടലാണ് കോണ്‍ഗ്രസിലുണ്ടാക്കിയത്. നഗരസഭാ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായിരുന്നു അതെന്ന തിരിച്ചറിവും സൗമിനി ജയിനിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തിരിച്ചടിയായി. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി എത്തിയ സൗമിനി ജയിന്‍, മുന്‍ധാരണാപ്രകാരം മേയര്‍ സ്ഥാനം ഒഴിഞ്ഞുമാറാത്തതും നേതാക്കള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു.

ചുരുക്കത്തില്‍ മേയറെ മാറ്റി നിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമ്പോള്‍, ജനവിധി തങ്ങള്‍ക്കെതിരാണെന്ന തിരിച്ചറിവോടെ തന്നെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങുന്നതെന്ന് വ്യക്തം. ഡെപ്യൂട്ടി മേയറായിരുന്ന കെ ആര്‍ പ്രേകുമാര്‍, മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗ്ഗീസ് തുടങ്ങിയവരെ നേതൃനിരയില്‍ നിര്‍ത്തിയാണ് യുഡിഎഫ് അങ്കം കുറിച്ചിരിക്കുന്നത്. കോര്‍പ്പറേഷനിലെ 74 സീറ്റുകളില്‍ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ലീഗ് ആറ് സീറ്റും, കേരള കോണ്‍ഗ്രസിന് മൂന്ന്, ആര്‍എസ്പി ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here