സിഎജിയുടെ നിരീക്ഷണം അസംബന്ധവും അടിസ്ഥാന രഹിതവും; കിഫ്ബിക്കെതിരെ നി‍ഴല്‍ യുദ്ധം നടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട: തോമസ് ഐസക്

കേരള സര്‍ക്കാറിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലൊന്നായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ അന്വര്‍ഥമാക്കിയത്. ചുരുങ്ങിയ സമയംകൊണ്ട് വലിയ വികസനങ്ങളാണ് കിഫ്ബി വ‍ഴി സംസ്ഥാനത്താകമാനം സര്‍ക്കാറിന് പൂര്‍ത്തിയാക്കാന്‍ ക‍ഴിഞ്ഞത്. പ്രവര്‍ത്തന മികവുകൊണ്ട് ലോക ശ്രദ്ധ നേടുന്ന സംവിധാനമായി കിഫ്ബി മാറി. വിദേശ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ കിഫ്ബി ലിസ്റ്റ് ചെയ്യപ്പെട്ടു.

ഈ നേട്ടങ്ങളെയും സാധ്യതകളെയും ഒക്കെ മറച്ചുവച്ചാണ് പ്രതിപക്ഷം ഒന്നാകെ കിഫ്ബിക്കെതിരെ വ്യാജആരോപണങ്ങളുമായി കിഫ്ബിയെ തകര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്. കിഫ്ബി യാഥാര്‍ഥ്യമായതോടെ സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ വികസനം സാധ്യമായെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പോലും സമ്മതിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്‍റെ ഈ നടപടി. വ്യാജആരോപണങ്ങള്‍ ഏല്‍ക്കാതെ വന്നപ്പോ‍ഴാണ് കേന്ദ്രത്തെ കൂടെ കൂട്ടുപിടിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമത്തിലേക്ക് പ്രതിപക്ഷത്തിന്‍റെ നീക്കം. കിഫ്ബി യെ തകര്‍ക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ധനമന്ത്രി തോമസ് ഐസക്കിന്‍റെ കുറിപ്പ്

കിഫ്ബി, ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്ന സിഎജി നിരീക്ഷണം അസംബന്ധവും അടിസ്ഥാനരഹിതവുമാണ്. ഈ അനുച്ഛേദത്തിൽ പരാമർശവിധേയമാകുന്നത് സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പകളാണ്. സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ ഇവിടെ സംസ്ഥാന സർക്കാരല്ല ഒരു കോർപ്പററ്റ് ബോഡിയാണ് വായ്പയെടുക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഗാരണ്ടി നൽകുന്നതുകൊണ്ട് തിരിച്ചടവ് സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാകുന്നില്ല. അത് കണ്ടിൻജന്റ് ലയബിലിറ്റി മാത്രമാണ്. കിഫ്ബിയുടെ ബിസിനസ് മോഡൽ ഒരു കാരണവശാലും ആസ്തിയേക്കാൾ കൂടുതൽ ബാധ്യത ഭാവിയിൽ അനുവദിക്കാത്ത തരത്തിലുള്ളതാണ്. അതുകൊണ്ട് കിഫ്ബി കണ്ടിൻജന്റ് ലയബിലിറ്റി ആലോചിച്ച് ആരും വിഷമിക്കണ്ട.

അതുകൊണ്ട് കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്ന സിആൻഡ് എജി നിഗമനം തള്ളിക്കളയുന്നു. ബജറ്റ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്കീമുകൾ നടപ്പാക്കുന്നതിനുവേണ്ടി ബജറ്റിനു പുറത്ത് വായ്പയെടുത്ത് ചെലവാക്കുന്നതിനെയാണ് ഓഫ് ബജറ്റ് വായ്പകളെന്നു പറയുന്നത്. കിഫ്ബി ഫിനാൻസ് ചെയ്യുന്ന സ്കീമുകൾ ബജറ്റ് കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളവയല്ല.

അവ ഓഫ് ബജറ്റ് വായ്പകൾപോലെ സംസ്ഥാന സർക്കാരിനുമേൽ ഭാവിയിൽ ഒരു ബാധ്യതയും വരുത്തുന്നില്ല. കാരണം എല്ലാവർഷവും ബജറ്റ് കണക്കിൽ ഉൾപ്പെടുത്തി നിയമത്തിൽ വ്യവസ്ഥ ചെയ്തപോലെ പെട്രോൾ സെസും മോട്ടോർ വാഹന നികുതിയുടെ പകുതിയും നൽകുന്നതോടെ സർക്കാരിന്റെ ബാധ്യത തീർന്നു. യുഡിഎഫുകൂടി അംഗീകരിച്ചു പാസ്സാക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്തപോലെ നികുതി വിഹിതം നൽകേണ്ട ബാധ്യത മാത്രമേ സർക്കാരിനുള്ളൂ.

വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ബാധ്യത മുഴുവൻ സർക്കാരിനുമേൽ വരുമോ? ഇല്ല. അങ്ങനെ വരില്ലായെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് കിഫ്ബിയുടെ പ്രവർത്തനം. വളരെ വിശദവും സങ്കീർണ്ണവുമായ സോഫ്ടുവെയർ ഉപയോഗപ്പെടുത്തി ഭാവിയിൽ ഓരോ മാസവും ഉണ്ടാവുന്ന ആസ്തിയും ബാധ്യതയും പ്രവചിക്കാനാവും. ഒരിക്കലും ബാധ്യത ആസ്തിയെ മറികടക്കില്ലായെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവർത്തനമാണ് കിഫ്ബി നടത്തുന്നത്. ഇതിനനുസരിച്ചാണ് പ്രോജക്ടുകൾക്കു അനുവാദം നൽകുക. കിഫ്ബിക്ക് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി തനതു വരുമാനമൊന്നും ഇല്ലല്ലോ.

സർക്കാർ നൽകുന്ന ഗ്രാന്റ് മാത്രം ആശ്രയിച്ചല്ലേ പ്രവർത്തനങ്ങൾ നടത്തുന്നത്? ഇങ്ങനെയുള്ള കമ്പനികളുടെ ബാധ്യതകൾ സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണെന്നാണ് സി ആന്റ് എജി പറയുന്നത്. കിഫ്ബിക്ക് സർക്കാർ നൽകുന്നതല്ലാതെ വരുമാനമുണ്ട്. 25 ശതമാനം അടങ്കൽ വരുന്ന പ്രോജക്ടുകൾ ഇത്തരത്തിൽ മുതലും പലിശയും തിരിച്ചടയ്ക്കുന്ന വരുമാനദായകമായ പ്രോജക്ടുകളാണ്. ഇതിനകം പെട്രോൾ കെമിക്കൽ പാർക്കിനുവേണ്ടി കൊടുത്ത വായ്പയിൽ 405 കോടി രൂപ മുതലും പലിശയുമായി കിഫ്ബിക്ക് തിരികെ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് കിഫ്ബി മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി വരുമാനമില്ലാത്ത സ്ഥാപനമാണെന്ന വാദം തെറ്റാണ്.

യഥാർത്ഥത്തിൽ കിഫ്ബി ആന്വിറ്റി ഫിനാൻസിംഗ് മോഡലിന്റെ മറ്റൊരു രൂപം മാത്രമാണ്. തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം അടക്കം എത്രയോ പ്രോജക്ടുകൾ ഇന്ന് ആന്വിറ്റി അടിസ്ഥാനത്തിൽ കേരളത്തിൽ നടത്തുന്നു. പ്രോജക്ടിനു വേണ്ടിവരുന്ന തുക പത്തോ ഇരുപതോ വർഷംകൊണ്ടേ സർക്കാർ അടച്ചുതീർക്കൂ. അതുവരെയുള്ള മെയിന്റനൻസ് ചാർജ്ജും പലിശ ചെലവും കണക്കാക്കിയാണ് കോൺട്രാക്ടർമാർ പ്രവൃത്തികൾ ഏറ്റെടുക്കുക.

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ ആന്വിറ്റി സ്കീമുകൾ ഏറ്റെടുത്തിട്ടുള്ളത്. പക്ഷെ ഒരു സർക്കാരും ആന്വിറ്റി സ്കീമിന്റെ ബാധ്യത ബജറ്റ് കണക്കിൽ ഉൾപ്പെടുത്തിയതായി കേട്ടിട്ടില്ല. എജി ഈ സമ്പ്രദായത്തെ വിമർശിച്ചിട്ടുമില്ല. സാധാരണ ആന്വിറ്റി സ്കീമിൽ സർക്കാരിന്റെ വാർഷിക ചെലവിൽ വർദ്ധനയുണ്ടാവില്ല.

കിഫ്ബിയുടെ കാര്യത്തിൽ മോട്ടോർ വാഹന നികുതി വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് കിഫ്ബിക്ക് സർക്കാർ നൽകേണ്ട വിഹിതവും വർദ്ധിക്കും. അതുകൊണ്ട് കിഫ്ബി ബിസിനസ് മോഡലിന് “ഗ്രോയിംഗ് ആന്വിറ്റി സ്കീം” എന്നാണ് ആധുനിക ഫിനാൻസിൽ വിശേഷിപ്പിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചതിനപ്പുറം ഒരു അധിക ബാധ്യതയും സർക്കാർ ഖജനാവിന് കിഫ്ബി വരുത്തുന്നില്ല. അതേസമയം നാടിന് അത്യന്താപേക്ഷിതമായ പശ്ചാത്തലസൗകര്യങ്ങൾ ഇന്നു തന്നെ സൃഷ്ടിക്കാനുമാകും.

കിഫ്ബിയ്ക്കെതിരെ നിഴൽയുദ്ധം നടത്താമെന്ന വ്യാമോഹമൊന്നും ആരും വെച്ചുപുലർത്തേണ്ടതില്ല. നവകേരള സൃഷ്ടിയുടെ സാമ്പത്തിക സ്രോതസാണ് കിഫ്ബി. ഇന്നത്തെ തലമുറ മാത്രമല്ല, വരാനിരിക്കുന്ന തലമുറകളും കൂടിയാണ് അതിന്റെ ഗുണഭോക്താക്കൾ. ഇന്ത്യയിലൊരു സംസ്ഥാനത്തും സാധ്യമാകാത്ത പശ്ചാത്തല സൗകര്യവികസനം ഭാവിയിലേയ്ക്കുള്ള കേരളത്തിന്റെ കുതിപ്പിന് ഗതിവേഗം പലമടങ്ങാക്കും. ആ സംവിധാനത്തെ സംരക്ഷിക്കാൻ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങും. അതിൽ രാഷ്ട്രീയവും മതവും ജാതിയുമൊന്നുമില്ല. വേറുതേ ഈ കല്ലിൽ കടിച്ച് പല്ലു കളയാൻ നിൽക്കരുതെന്നേ പറയാനുള്ളൂ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here