തളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സേതുപതി പ്രതിനായകനായാണ് ചിത്രത്തില്‍ എത്തുന്നത്. വിജയിയും സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ് മാസ്റ്റര്‍.
ചിത്രത്തിലെ സഹതാരങ്ങളുടെ സംഭാഷണത്തിലൂടെ വിജയിയുടെയും വിജയ് സേതിപതിയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്‍റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനനാണ് നായിക. ഏപ്രില്‍ 9ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ലോക്ഡൗണിനെ തുടര്‍ന്ന് നീളുകയായിരുന്നു.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ ആക്ഷനും ഏറെ പ്രാധാന്യമുണ്ടെന്ന് ടീസറില്‍ നിന്ന് വ്യക്തം. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ‘കൈതി’ ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്.
ആന്‍ഡ്രിയ ജെറാമിയ,ശന്തനു ഭാഗ്യരാജ്,ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.
ചിത്രീകരണ വേളയില്‍ തന്നെ മാസ്റ്റര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് വിജയിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.
കേന്ദ്രസര്‍ക്കാറിന്‍റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് ചോദ്യം ചെയ്യലിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങള്‍ അന്ന് നടന്നിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാസ്റ്ററിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം വിജയ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

Get real time update about this post categories directly on your device, subscribe now.