എട്ടു പതിറ്റാണ്ടിന്റെ കലാസപര്യ അവസാനിച്ചു :സൗമിത്ര ചാറ്റർജി ഇനി ഓർമ

അപുര്‍സന്‍സാറില്‍ തുടങ്ങി സത്യജിത് റേയ്ക്കൊപ്പം മാത്രം പതിനാലോളം സിനിമകള്‍. 1959 ൽ അഭിനയം തുടങ്ങിയതു മുതൽ 2017 വരെ എല്ലാ വർഷവും സിനിമകൾ റിലീസ് ചെയ്ത മനുഷ്യന്‍. സൗമിത്ര ചാറ്റര്‍ജി എന്ന അനശ്വര നടന്‍ അര നൂറ്റാണ്ടോളം ബംഗാളി സിനിമയുടെ സമാന്തരധാരയുടെ നട്ടെല്ല് തന്നെയായിരുന്നു.

സത്യജിത് റേയുടെ അഞ്ചാം സിനിമ മുതല്‍ കൂടെക്കൂടിയ സൗമിത്ര മൂന്ന് പതിറ്റാണ്ടോളം കഥാപാത്രങ്ങള്‍ കൊണ്ട് കരുത്ത് പകര്‍ന്നു. അകിര കുറസോവയ്ക്ക് മിഫ്യൂണ്‍ പോലെ, ഫെല്ലിനി മാസ്ട്രോയാണി കൂട്ടുകെട്ട് പോലൊന്ന്. ദേവി, തീന്‍ കന്യ, അഭിജാന്‍, ചാരുലത, കാ പുരുഷ്, അരണ്യേര്‍ ദിന്‍ രാത്രി, ആശാനി സങ്കേത്, സോണാര്‍ കെല്ല, ജോയ്ബാബ ഫൂല്‍ നാഥ് തുടങ്ങി ഒരുപിടി സിനിമകള്‍.

ചാരുലതയിലെ നായകനായ കവിയെ അവതരിപ്പിക്കാൻ കയ്യക്ഷരം പോലും മാറ്റിയ ഇതിഹാസം മൃണാള്‍ സെന്നിന്‍റെ ആകാശ് കുസുമും അജോയ് കറിന്‍റെ പരിണീതയും ഉള്‍പ്പെടെ ബംഗാളി മാസ്റ്റേഴ്സിന്‍റെ മാസ്റ്റര്‍പീസുകളിലെല്ലാം അഭിനയിച്ചു. ബംഗാളി വെള്ളിത്തിരയിൽ സ്വാഭാവിക അഭിനയത്തിന്റെ ചാരുത വിരിയിച്ചു. ഇന്ത്യന്‍ ചലച്ചിത്ര സംവിധാനത്തിന്‍റെ സമാന്തര ഏടിനെ ചലിപ്പിച്ചു.

ഇതിഹാസ സംവിധായകരുടെ സിനിമകളിലൂടെ തുടക്കമിട്ട അദ്ദേഹത്തിന് പുതിയകാല സംവിധായകർക്കൊപ്പവും അനായാസം പ്രവർത്തിക്കാനായി. ഗൗതം ഘോഷ്, അപർണ സെൻ,അഞ്ജന ദാസ്, ഋതുപർണ ഘോഷ് എന്നിവരുടെയെല്ലാം സിനിമകളിൽ അദ്ദേഹം നിറഞ്ഞുനിന്നു. തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും നാടക കലയെ അദ്ദേഹം കൈവിട്ടില്ല.

സ്വന്തം അഭിനയശേഷിയുടെ പകര്‍ന്നാട്ടത്തോടൊപ്പം തന്റെ നിലപാടുകളിലും കരുത്തനായിരുന്നു സൗമിത്ര.2001-ൽ മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചുവെങ്കിലും അവാർഡ് കമ്മിറ്റി വാണിജ്യ സിനിമകൾക്ക് മേൽക്കോയ്മ കൊടുക്കുന്നുവെന്ന് ആരോപിച്ച് ്വാര്‍ഡ് നിരസിച്ചു.

എഴുപതുകളിൽ പത്മശ്രീ പുരസ്കാരം നിരസിച്ചു. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സൗമിത്ര ദാദ സാഹേബ് ഫാൽക്കെ അവാർഡ് പദ്മ ഭൂഷൺ തുടങ്ങിയ ബഹുമതികളാലും പുരസ്കൃതനായി. ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഓഡര്‍ ഓഫ് ആര്‍ട്‍സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതിയും ലീജ്യന്‍ ഓഫ് ഓണര്‍ ബഹുമതിയും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here