ബിജെപിയില്‍ ഭിന്നത രൂക്ഷം; നേതൃത്വം അവഗണിച്ചെന്ന് പരസ്യപ്രതികരണവുമായി ദേശീയ കൗണ്‍സില്‍ അംഗം

പാലക്കാട് ജില്ലയില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. നേതൃത്വം അവഗണിച്ചുവെന്ന് പരസ്യപ്രതികരണവുമായി ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്ആര്‍ ബാലസുബ്രഹ്മണ്യം.

പ്രതിഷേധത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറി. മുതിര്‍ന്ന നേതാക്കളെ അവഗണിച്ചതില്‍ കടുത്ത പ്രതിഷേധത്തിലാണ് ഒരു വിഭാഗം അണികള്‍.

പാലക്കാട് ബിജെപിക്കകത്തെ അഭിപ്രായ ഭിന്നത സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മറനീക്കി പുറത്തുവരുന്നത്. മത്സരിക്കാന്‍ താത്പര്യമറിയിച്ച സീറ്റുകളില്‍ നിന്ന് മാറ്റി വിജയസാധ്യത കുറഞ്ഞ മറ്റൊരു സീറ്റിലേക്ക് ദേശീയ കൗണ്‍സില്‍ അംഗമായ എസ്ആര്‍ ബാലസുബ്രഹ്മണ്യത്തെ മാറ്റിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് മത്സരരംഗത്ത് നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. നേതൃത്വത്തില്‍ നിന്ന് മുതിര്‍ന്ന നേതാവാതെന്ന നിലയില്‍ പരിഗണന ലഭിച്ചില്ലെന്നും അവഗണനയില്‍ കടുത്ത മനോവിഷമമുണ്ടെന്നും എസ്ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.

നേതൃമാറ്റം അനിവാര്യമാണെങ്കിലും പുറത്താക്കലിന്‍റെ സ്വഭാവത്തില്‍ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നത് ശരിയായ രീതിയല്ല.

ബാലസുബ്രഹ്മണ്യം പിന്‍മാറിയതോടെ 13ആം വാര്‍ഡില്‍ ജില്ലാ പ്രസിഡന്‍റ് ഇ കൃഷ്ണദാസ് മത്സരിക്കും. അതേ സമയം സീറ്റ് കിട്ടാത്തവര്‍ക്ക് വിഷമമുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.

രണ്ടു പതിറ്റാണ്ടിലേറെ കാലമായി നഗരസഭ കൗൺസിലറാണ് ബാലസുബ്രമണ്യം. അവഗണിക്കപ്പെട്ട നിരവധി നേതാക്കള്‍ നേതൃത്വത്തെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും ഇ. കൃഷ്ണദാസും ചേർന്ന് സ്വന്തക്കാരെ സ്ഥാനാർത്ഥി പട്ടികയിൽ തിരുകി കയറ്റിയെന്നാണ് ആരോപണം.

സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന് സംസ്ഥാന വ്യാപകമായി പരാതി ഉയരുന്നതിനിടയിലാണ് പാലക്കാട്ടെ മുതിര്‍ന്ന നേതാവായ എസ്ആര്‍ ബാലസുബ്രഹ്മണ്യവും അവഗണിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News