കിഫ്ബി വിദേശത്തു നിന്ന് മസാല ബോണ്ടു വഴി നിക്ഷേപം സമാഹരിച്ചതു മാത്രമാണോ പ്രശ്‌നം? കിഫ്ബി മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും ഇത്തരത്തില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. എന്‍ടിപിസി മസാലാ ബോണ്ടു വഴി 2000 കോടിസമാഹരിച്ചത് 2016 ആഗസ്റ്റിലാണ്. ഊര്‍ജ രംഗത്തെ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ മസാല ബോണ്ടു വഴി ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് ലണ്ടനില്‍ ചെന്ന് പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ്.
5000 കോടി രൂപ സമാഹരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ സമീപിച്ചത് 2017 മെയ് മാസത്തിലാണ്.
ഓപ്പണിംഗ് സെറിമണിയില്‍ പങ്കെടുത്തത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ്. പീയുഷ് ഗോയലും ഗഡ്ഗരിയും എന്‍എച്ച്എഐയും എന്‍ടിപിസിയുമൊക്കെ ചെയ്തത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് റിപ്പോര്‍ട്ടിലെഴുതിവെയ്ക്കാന്‍ തന്റേടമുണ്ടോ ഈ സിഎജിയ്ക്ക്. കേരളമായാല്‍ എന്ത് അസംബന്ധവും പറയാമെന്നാണോ? അതു ചോദ്യം ചെയ്താല്‍ രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും പൊള്ളുന്നത് എന്തുകൊണ്ട്?
യഥാര്‍ത്ഥ പ്രശ്‌നത്തിലേയ്ക്ക് വരൂ പ്രതിപക്ഷ നേതാവേ. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് ബോഡികള്‍ മസാലാ ബോണ്ടു വാങ്ങിയാല്‍ ഭരണഘടനയ്ക്ക് ഒന്നും സംഭവിക്കില്ല, കേരളം വാങ്ങിയാല്‍ ഭരണഘടനാപ്രതിസന്ധിയുണ്ടാകും എന്ന ഇരട്ടത്താപ്പിനെക്കുറിച്ച് നിലപാടു പറയൂ. ആ ചോദ്യത്തിനോട് വാ തുറക്കാതെ ഉരുണ്ടു കളിച്ചിട്ടെന്തു കാര്യം? എന്‍ടിപിസിയ്ക്കും എന്‍എച്ച്എഐയ്ക്കും കിഫ്ബിയ്ക്കുമൊക്കെ ഒരേ നിയമവും ഭരണഘടനയും തന്നെയാണ് ബാധകമാവുക എന്നാണ് ഞങ്ങളുടെ നിലപാട്.
മറിച്ചൊരു നിലപാട് നിങ്ങള്‍ക്കുണ്ടോ? ജനങ്ങളോട് തെളിച്ചു പറയൂ. അടുത്ത പ്രശ്‌നം കിഫ്ബിയ്‌ക്കെതിരെ ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളാണ്. എവിടെയാണ് അഴിമതി? ഏതു പ്രോജക്ടില്‍ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആരു നടത്തിയെന്ന് വ്യക്തമായി പറയാന്‍ എന്തേപ്രതിപക്ഷ നേതാവ് മടിക്കുന്നു? അദ്ദേഹത്തിന്റെ മണ്ഡലത്തിലുമുണ്ടല്ലോ കിഫ്ബി പ്രോജക്ടുകള്‍.
ഏതിലെങ്കിലും അഴിമതിയുണ്ടോ? ഇന്നേവരെ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടുണ്ടോ? പ്രതിപക്ഷത്തെ വേറെ എംഎല്‍എമാരുടെ മണ്ഡലത്തിലും എത്രയോ കിഫ്ബി പദ്ധതികളുണ്ട്. ഏതിലെങ്കിലും ഒന്നില്‍ ഒരു രൂപയുടെ അഴിമതി ആരെങ്കിലും നടത്തിയെന്ന് വ്യക്തിമായ ഒരു ആരോപണം ഇന്നേ വരെ പറഞ്ഞിട്ടുണ്ടോ?
യഥാര്‍ത്ഥത്തില്‍ കിഫ്ബിയ്‌ക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഭരണഘടനാവിരുദ്ധം എന്ന ഉമ്മാക്കിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ക്രമക്കേടിന്റെയും അഴിമതിയുടെയും ഒരു കറയും കിഫ്ബിയില്‍ പതിഞ്ഞിട്ടില്ല. അതൊന്നും കിട്ടാത്തതുകൊണ്ടാണ് ഭരണഘടനയില്‍ കയറിപ്പിടിച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.

Get real time update about this post categories directly on your device, subscribe now.