സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനും യുപി സർക്കാരിനും യുപി പോലീസിനും സുപ്രീംകോടതി നോട്ടീസ്

ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ, യുപി സർക്കാർ, യുപി പോലീസ് എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ്. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കും മുൻപ് മറുപടി നൽകണം.

ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ കഴിഞ്ഞ ഒക്ടോബറിലാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധിഖിനെതിരെ രാജ്യദ്രോഹം യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. ഈ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കേരളാ പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി.

എഫ് ഐ ആറിൽ ഒരു കുറ്റവും ആരോപിക്കപ്പെടാതെ ഒരു മാധ്യമ പ്രവർത്തകൻ ദിവസങ്ങളായി ജയിലിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും പത്ര പ്രവർത്തക യൂണിയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. കേന്ദ്ര സർക്കാർ, യുപി സർക്കാർ, യുപി ഡിജിപി എന്നിവർ വെള്ളിയാഴ്ച്ച കേസ് പരിഗണിക്കും മുൻപായി മറുപടി നൽകണം. ഹൈക്കോടതിയെ സമീപിക്കാഞ്ഞതിലും ഹേബിയസ് കോർപ്പസ് ഹർജി ഭേദഗതി ചെയ്യാത്തത്തിലും കോടതി വ്യക്തത തേടി.

സിദ്ധിഖ് കാപ്പനെ കാണാൻ അനുമതി ലഭിക്കാത്തതിനാലാണ് ഹേബിയസ് കോർപ്പസ് ഹർജി ഭേദഗതി ചെയ്യാനോ ഹൈക്കോടതിയെ സമീപിക്കാനോ സാധികാഞ്ഞതെന്ന് കപിൽ സിബൽ മറുപടി നൽകി. സിദ്ധിഖിനെ കാണാൻ ജയിൽ അധികൃതർ വക്കീലിനെ അനുവദിക്കുന്നില്ല.

അനുമതി തേടി കീഴ്ക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം പരിഗണിച്ചില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിന്റെ മെറിറ്റിലേക്ക് പോകാൻ ഉദേശിക്കുന്നില്ലെന്ന് വാദം കേൾക്കവെ കോടതി വാക്കാൽ നിരീക്ഷിച്ചു.

32ആം അനുച്ഛേദ പ്രകാരമുള്ള ഹർജികൾ അനുവദിക്കാൻ കോടതി താത്പര്യപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇത് ഒരു മാധ്യമ പ്രവർത്തകന്റെ കേസ് ആണെന്നും അസാധാരണമായി പരിഗണിക്കണമെന്നായിരുന്നു പരമാർശത്തോടുള്ള സിബലിന്റെ പ്രതികരണം.

സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് മൂന്ന് പേരുടെ ജാമ്യാപേക്ഷ മധുര കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News