ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍; അന്വേഷണ ഏജന്‍സികള്‍ക്കും ശിവശങ്കറിനും നിര്‍ണായകം

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിന്‍റെ വിധി അന്വേഷണ ഏജന്‍സികള്‍ക്കും ശിവശങ്കറിനും നിര്‍ണായക ദിനമാണ്. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്.

ഇന്നലെ കാക്കനാട് ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നീ കേസുകളില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.

ഇന്നത്തെ ജാമ്യഹര്‍ജി ശിവശങ്കറിന് അനുകൂലമാവുകയാണെങ്കിലും ശിവശങ്കര്‍ ജയില്‍ മോചിതനാകാതിരിക്കാനാണ് അന്വേഷണ ഏജന്‍സിയുടെ പുതിയ നീക്കം.

കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഇന്നലെ ശിവശങ്കര്‍ രേഖാമൂലം കോടതിയില്‍ നല്‍കിയ വാദത്തിൽ പറയുന്നു. ഇതിന് വഴങ്ങാത്തതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ പറയുന്നു. കള്ളക്കടത്തില്‍ ഒരു ബന്ധവുമില്ല. നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ല. കസ്റ്റംസ് ഓഫീസറുടെ പേര് എ‍ന്‍ഫോഴ്സ്മെന്റെ പുറത്ത് വിടാത്തതും ഇത് കൊണ്ട് തന്നെയെന്ന് ശിവശങ്കര്‍ ആരോപിക്കുന്നു.

ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറെ ജയിലിൽ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സംഘം എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിൽ ഇന്ന് ഹര്‍ജി നല്‍കും. കോഴപ്പണം നല്‍കാന്‍ സന്തോഷ് ഈപ്പന്‍ അനധികൃതമായി ഡോളര്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട്, ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെ ഇന്ന് വിജിലൻസ് ചെയ്യും.

ശിവശങ്കറിനെ ചോദ്യം ചെയ്യാനായി ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്തി നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. നയതന്ത്ര ബാഗ് വിട്ടുനല്‍കാനായി ശിവശങ്കര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത് സംബന്ധിച്ചും കസ്റ്റംസ് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel