കൊവിഡ് കാലത്ത് സി.ഒ.പി.ഡി. ഏറെ ശ്രദ്ധിക്കണം

തിരുവനന്തപുരം: കോവിഡ് കാലത്ത് വരുന്ന സി.ഒ.പി.ഡി. ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 65 ദശലക്ഷം ആള്‍ക്കാര്‍ സി.ഒ.പി.ഡി. രോഗബാധിതരാണ്. ലോകത്തും കേരളത്തിലും മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി. കേരളത്തില്‍ ഒരു വര്‍ഷം 25,000ലധികം പേര്‍ ഈ രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ഈ രോഗം ഒരുപോലെ ബാധിയ്ക്കുന്നു.

സി.ഒ.പി.ഡി. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും സാധിക്കും. സി.ഒ.പി.ഡി. രോഗികളില്‍ കോവിഡ് പിടിപെട്ടാല്‍ മാരകമാകാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാ സി.ഒ.പി.ഡി. രോഗികളും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശ്വാസകോശ പ്രശ്നങ്ങള്‍ വലിയ ആരോഗ്യ പ്രശ്നമാകുമ്പോള്‍ എല്ലാവരും ഈ രോഗത്തെ കുറിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് സി.ഒ.പി.ഡി.?

ശ്വാസകോശത്തെ ബാധിക്കുന്ന ദീര്‍ഘസ്ഥായിയായ ഒരു ഗുരുതര രോഗമാണ് സി.ഒ.പി.ഡി അഥവാ ക്രോണിക് ഒബസ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്. സ്പൈറോമെട്രിയാണ് രോഗനിര്‍ണയത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റ്. ഒരാളുടെ ശ്വസന വ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന ടെസ്റ്റാണിത്.

പ്രധാന കാരണങ്ങള്‍

പുകവലി, അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലും വീടുകളിലും നിന്നുമുള്ള പുക, വിഷവാതകങ്ങള്‍ പൊടി പടലങ്ങള്‍, രാസവസ്തുക്കള്‍, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകള്‍, പാരമ്പര്യ ഘടകങ്ങള്‍ എന്നിവയൊക്കെയാണ് സി.ഒ.പി.ഡി രോഗത്തിന് കാരണം .

പ്രധാന രോഗ ലക്ഷണങ്ങള്‍

ശ്വാസകോശത്തിന്റെയും ശ്വസനനാളിയുടെയും ചുരുക്കവും നീര്‍ക്കെട്ടും മൂലം ശരീരകോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്നതാണ് രോഗ ലക്ഷണങ്ങള്‍ക്ക് കാരണം. ശ്വാസതടസം, ആയാസകരമായ ജോലികളില്‍ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന അമിതമായ കിതപ്പ്, കഫത്തോടു കൂടിയ നിരന്തരമായ ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ പുകവലിയടക്കമുള്ള രോഗകാരണങ്ങളെ നിയന്ത്രിച്ചാല്‍ ഈ രോഗത്തെ തടയാന്‍ സാധിക്കും.

സങ്കീര്‍ണ്ണതകള്‍

സി.ഒ.പി.ഡി. സങ്കീര്‍ണമായാല്‍ ശ്വാസകോശ അണുബാധ, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ ധമനികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, വിഷാദരോഗം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

പ്രതിരോധം

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സി.ഒ.പി.ഡി വരുന്നത് പുകവലി മൂലമാണ്. പുകവലിക്കാതിരിക്കുക എന്നതാണ് ഇത് തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ജോലിയുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുടെ പുക ശ്വസിക്കേണ്ടി വരുന്നവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചുമാത്രം ഇത്തരം ജോലികള്‍ ചെയ്യുക. ഇന്ധനത്തിനായി ചാണകവറലി, വിറക് മുതലായ ഉപയോഗിക്കാതെ പാരമ്പര്യേതര ഊര്‍ജ്ജ സോത്രസുകള്‍ ഉപയോഗിക്കേണ്ടതാണ്.

ശ്വാസ് ക്ലിനിക്കുകള്‍

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും സി.ഒ.പി.ഡി. രോഗങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. എല്ലാവരും ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News