ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി: ലോക്കറിലെ പണം സംബന്ധിച്ച് അന്വേഷണം തുടരേണ്ടതുണ്ടെന്ന് കോടതി

കള്ളപ്പണം വെളുപ്പിച്ച കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണം പ്രാരംഭ ദശയിലായതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇതിനിടെ ശിവശങ്കറെ നാളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ശിവശങ്കറിന്റെയും വിശദമായ വാദം കേട്ടശേഷമാണ് ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. ഇരുകൂട്ടരുടെയും വാദങ്ങളെക്കുറിച്ച് ഉത്തരവില്‍ വിശദമായി പരാമര്‍ശിച്ച കോടതി അന്വേഷണം പ്രാരംഭ ദശയിലായതിനാല്‍ ശിവശങ്കറിന് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ കേസിന്റെ മെറിറ്റിനെക്കുറിച്ച് ഈ ഘട്ടത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.അതേ സമയം ലോക്കറിലെ പണത്തെ സംബന്ധിച്ച് അന്വേഷണം തുടരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സ്വപ്നയെ മറയാക്കി നടത്തിയ കോഴ ഇടപാടുകളിലും നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തിലും ശിവശങ്കര്‍ മുഖ്യപങ്കാളിയും ബുദ്ധികേന്ദ്രവുമാണെന്നായിരുന്നു ഇ ഡിയുടെ വാദം.

സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ ഡിയുണ്ടാക്കിയ കള്ളക്കഥയാണിതെല്ലാമെന്നായിരുന്നു ശിവശങ്കറിന്റെ വാദം.

ഇ ഡി യ്ക്ക് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ വിസമ്മതിച്ചതുകൊണ്ടാണ് തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ വാദിച്ചിരുന്നു. ഇതിനിടെ ശിവശങ്കറെ നാളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി.

വടക്കാഞ്ചേരി ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് വിജിലന്‍സ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.രാവിലെ 10 നും വൈകീട്ട് 5നും ഇടയില്‍ ചോദ്യം ചെയ്യാനാണ് വിജിലന്‍സിന് അനുമതി ലഭിച്ചിരിക്കുന്നത്.കേസില്‍ നേരത്തെ വിജിലന്‍സ് ശിവശങ്കറെ പ്രതിചേര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News