താര സുന്ദരി ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകള്‍ക്ക് ചുറ്റുമാണിപ്പോള്‍. മകള്‍ ആരാധ്യയുടെ ജനനത്തിനു ശേഷം തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനമാണ് ഐശ്വര്യ നല്‍കുന്നത്. തന്റെ പ്രശസ്തിയും തിരക്കുകളും ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ അമ്മയെന്ന നിലയില്‍ ഐശ്വര്യ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.
മകള്‍ക്കൊപ്പമുള്ള പ്രത്യേക നിമിഷങ്ങള്‍ ആരാധകരുമായും ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞദിവസമായിരുന്നു ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യ ബച്ചന്റെ ഒൻപതാം പിറന്നാള്‍. മകളുടെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
“എന്റെ ജീവിതത്തിന്റെ പരിപൂർണ സ്നേഹത്തിന്, എന്റെ മാലാഖക്കുട്ടിയായ ആരാധ്യയ്ക്ക്, സന്തോഷകരമായ ഒൻപതാം ജന്മദിനം നേരുന്നു. ഉപാധികളില്ലാതെ, പറഞ്ഞറിയിക്കാനാകാത്ത അളവിൽ എന്നെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്കായി ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഞാൻ എന്നും ദൈവത്തോട് നന്ദി പറയുന്നു. സ്നേഹം, സ്നേഹം.. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്. അമ്മ ഐശ്വര്യയെപ്പോലെ ആരാധ്യയ്ക്കും നിരവധി ആരാധകരുണ്ട്.
ഐശ്വര്യ റായ് ഒരു ‘ഒബ്സസീവ് മദര്‍’ ആണെന്ന് ജയാ ബച്ചനും മുന്‍പ് ഒരിക്കല്‍ പങ്കുവച്ചിരുന്നു. മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.
“ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്” എന്നായിരുന്നു ജയ ബച്ചന്റെ പ്രതികരണം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here