ട്രംപ് ഭരണമാറ്റം തടസപ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ മരിച്ചു വീഴും: മുന്നറിയിപ്പുമായി ബൈഡന്‍

അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കൊവിഡ് മൂലം കൂടുതല്‍ പേർ മരിച്ചുവീഴുമെന്ന് ജോ ബൈഡന്‍. മഹാമാരി നിയന്ത്രിക്കാന്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിയായ ജോ ബൈഡന്‍ പറയുന്നു.

ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും ബൈഡന്‍ പറഞ്ഞു. ‘‘ആര്‍ക്കെങ്കിലും ഇതു മനസിലാകുന്നുണ്ടോ. ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണു വേണ്ടത്. ഏകോപനമില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ മരിക്കും. വാക്‌സീന്‍ വിതരണം വൈകാന്‍ ഇത് ഇടയാക്കും.’’ – ബൈഡന്‍ പറഞ്ഞു.

അതേസമയം ഇതൊരു കളിയല്ല എന്ന് മിഷേല്‍ ഒബാമ പ്രതികരിച്ചു.ഭൂരിപക്ഷത്തിന് 270 വോട്ടുകളാണു വേണ്ടത് എന്നിരിക്കെ 306 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചത്.

താനാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് തിങ്കളാഴ്ചയും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ട്രംപിന്‍റെ അവകാശവാദം.

പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷൻ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല. നിയുക്ത പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും സാധാരണ ഭരണകാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്. എന്നാല്‍ ബൈഡന്റെയും കമലയുടെയും കാര്യത്തില്‍ ഇതുവരെ അതു നടപ്പാക്കിയിട്ടില്ല.

വാക്‌സിനേഷന്‍ പരിപാടിയില്‍നിന്ന് ബൈഡനെയും സംഘത്തെയും ഒഴിവാക്കാനുള്ള നീക്കമാണിതെന്നാണ് ഡെമോക്രാറ്റ് അനുകൂലികള്‍ ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News