കൊവിഡിനെതിരെ ഇന്ത്യയുമായി കൈകോര്‍ത്ത് റഷ്യ; സ്പുട്നിക് 5 ഇന്ത്യയിലും ചൈനയിലും നിര്‍മിക്കാം

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ റഷ്യ. റഷ്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5 ഇന്ത്യയിലും ചൈനയിലും ഉല്‍പാദിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍.

ഇന്ത്യ, റഷ്യ, ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങളുടെ 12ാമത് ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പുതിന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ, സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസ എന്നീവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ബ്രിക്‌സ് രാജ്യങ്ങളില്‍ വാക്‌സിന്‍ ഗവേഷണ കേന്ദ്രങ്ങളുടെ നിര്‍മാണം വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശവും പുടിന്‍ മുന്നോട്ട് വെച്ചു.

ഓഗസ്റ്റ് മാസത്തിലാണ് ലോകത്തെ ആദ്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി റഷ്യ പ്രഖ്യാപിച്ചത്. വലിയ അളവില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പേയാണ് റഷ്യ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്തിയത്.

ഇടക്കാല പരീക്ഷണങ്ങളില്‍ വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ആരോഗ്യ വിദഗ്ധര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

നിലവില്‍ ഫൈസര്‍, മോഡേണ എന്നീ കമ്പനികളുടെ വാക്‌സിന്‍ അവസാന ഘട്ട പരീക്ഷണത്തില്‍ അനുകൂല പ്രതികരണമാണ് നല്‍കിയത്. അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ വാക്സിന്‍ വൈറസ് ബാധയില്‍ നിന്നും 95 ശതമാനം സംരക്ഷണം നല്‍കുന്നെന്നാണ് പുതിയ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here