കേരളവർമ്മ കോളേജ്: ഡോ.ആർ.ബിന്ദുവിനെ വേട്ടയാടുന്നവരുടെ രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയുക: ഡോ.എൻ.ആർ.ഗ്രാമപ്രകാശ്

ഒന്ന്

കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ-ഇൻ-ചാർജ് ഡോ.ജയദേവൻ രാജിവെച്ച തീരുമാനം നല്ലത്. ഉചിതം.
വിദ്യാർത്ഥികളുമായുണ്ടായ പ്രശ്നത്തിൻ്റെ പേരിൽ ഇതിനു മുൻപും ഇദ്ദേഹം രാജിവെച്ചിട്ടുണ്ടെന്നു കേട്ടു .മാനേജ്മെൻ്റും പല ഉന്നതരും സമ്മർദ്ദം ചെലുത്തിയാണത്രെ രാജി പിൻവലിപ്പിച്ചത് – പ്രശ്ന സങ്കീർണ്ണമായ ഒരു കാമ്പസിൻ്റെ അധിപൻ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ,ഇടക്കിടെ പിണങ്ങി രാജി വെക്കുന്നത് കാമ്പസ് അന്തരീക്ഷത്തിനു നല്ലതല്ല. ഏതു സമയവും ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ള കാമ്പസ്സാണ് കേരളവർമ്മ.കടുത്ത ഡയബറ്റിക് രോഗത്താൽ അവശനും ശുദ്ധഗതിക്കാരനുമായ അദ്ദേഹത്തിൻ്റെ രാജി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തരുതെന്നു് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. സ്വസ്ഥചിത്തനായി ,നല്ല അധ്യാപകനായി, ആരോഗ്യത്തോടെ തുടരാൻ അദ്ദേഹത്തെ അനുവദിക്കുകയാണു വേണ്ടത് .

രണ്ട്

രണ്ടു മാസം മുൻപ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഇദ്ദേഹത്തെ ഫോണിലും നേരിട്ടു കണ്ടും എനിക്കു സംസാരിക്കേണ്ടി വന്ന ഒരനുഭവമുണ്ട്. തത്ക്കാലം അത് വിവരിക്കുന്നില്ല. ഇത്രയും ശുദ്ധഗതിക്കാരനായ ഒരാൾക്ക് ഈ പദവി എങ്ങനെ വഹിക്കാനാവുന്നു എന്നൊരു തോന്നൽ അന്നു എൻ്റെ മനസ്സിലുണർന്നു. ഞാനത് ചിലരുമായി പങ്കുവെച്ചിരുന്നു.പഠിച്ച രണ്ടുകോളേജുകളിലെയും പഠിപ്പിച്ച നാലു കോളജുകളിലെയും 25-ഓളം പ്രിൻസിപ്പാൾമാരായി പല സന്ദർഭങ്ങളിലും നേരിട്ട് ഇടപെട്ട് കിട്ടിയ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഞാനതു ചിന്തിച്ചത്.ഇതേ കാര്യം ഇദ്ദേഹത്തിൻ്റെ കാര്യത്തിൽ ഗവേണിംഗ് ബോഡിക്കു ബോധ്യപ്പെട്ടു കാണും

ചികിത്സാർത്ഥം ദീർഘകാലാവുധിയിൽ പോയ സമയം പ്രിൻസിപ്പൽ ചുമതല അദ്ദേഹം നൽകിയിരുന്നത് ഡോ.ആർ. ബിന്ദുവിനാണ്. ഡോ. ബിന്ദുവിനേക്കാൾ ഒരു ദിവസത്തെ സീനിയോറിറ്റി മാത്രമാണ് ഡോ..ജയദേവനുള്ളത്.രണ്ടു പേരും ഇടതനുകൂല സംഘടനക്കാരുമാണ്. അദ്ദേഹത്തിൻ്റെ ദുർബ്ബലാവസ്ഥയും കോളേജ് അന്തരീക്ഷവും ആകും വൈസ് പ്രിൻസിപ്പാൾ നിയമനത്തിന് മാനേജ്മെൻ്റിനെ പ്രേരിപ്പിച്ചിരിക്കുക.
രാജി വെച്ച മി.ജയദേവൻ ഇപ്പോൾ പ്രിൻസിപ്പൽ – ഇൻ_ചാർജ് മാത്രമാണെന്നാണു ഞാൻ മനസ്സിലാക്കുന്നത് .പ്രിൻസിപ്പലായി യൂണിവേഴ്സിറ്റി അപ്രൂവൽ കിട്ടിയിട്ടില്ല. അങ്ങനെ നിയമിക്കുന്നതിനെ ചലഞ്ചു് ചെയ്ത് ഒരു കേസ് ഹൈക്കോടതിയിലുള്ളതാണ് തടസ്സം.

നിലവിൽ കേരള വർമ്മയുടെ വികസനത്തിന് ഡോ.ആർ.ബിന്ദുവിൻ്റെ സാമൂഹിക രംഗത്തെ പ്രവർത്തന പരിചയവും അക്കാദമിക് മികവും സഹായകമാവുമെന്നാണ് ഒരു പൂർവ്വ വിദ്യാർത്ഥിയെന്ന പേരിൽ എൻ്റെ പ്രതീക്ഷ. അതിനു തടസ്സമുണ്ടാക്കുന്നതാണ് അനാവശ്യ വിവാദം. കേരളവർമ്മ കോളേജ് ഒരു കാലത്തും നന്നാവരുതെന്ന ആഗ്രഹക്കാരും വിവാദത്തിനു പിന്നിലുണ്ടു്

മൂന്ന്

പിന്നെ ഡോ.ബിന്ദുവിനെതിരെ വരുന്ന ആക്ഷേപങ്ങളിലെ രാഷ്ടീയ ദുഷ്ടലാക്കിനെ ആ നിലയിൽ തന്നെ കണ്ടാൽ മതി. എത്ര അധാർമ്മികമാണതു്? അത്രമാത്രം സ്ത്രീവിരുദ്ധവുമാണത്. ഒരു സ്ത്രീ അവരുടെ സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒരു പദവിയിൽ എത്തുന്നതിനെ ആക്ഷേപിക്കുന്നത് ഒരു തരം ആണധികാര ധിക്കാരമാണ്. കലാലയ സാഹചര്യങ്ങൾ കണക്കിലെടുത്ത് മറ്റൊരധ്യാപകനെയാണ് ഈ സ്ഥാനത്തേക്ക് നിയോഗിച്ചതെങ്കിൽ ഇക്കണ്ട പുകിലൊക്കെ ഉണ്ടാകുമായിരുന്നോ എന്ന് ഒരു നിമിഷം ചിന്തിക്കുക.

പഠന കാലത്തു തന്നെ സിണ്ടിക്കേറ്റ് മെംബറും പതിനഞ്ചു വർഷം മുൻപ് തൃശൂർ കോർപ്പറേഷൻ മേയറും തുടങ്ങി ഉയർന്ന ചുമതലകൾ വഹിച്ച ഒരാൾക്ക്, അവരുടെ രാഷ്ട്രീയ സ്വാധീനം ,പ്രത്യേക സാമ്പത്തിക നേട്ടമോ ദുരധികാര സാധ്യകളോ ഇല്ലാത്ത വൈസ് പ്രിൻസിപ്പാൾ പദവിക്കായി ഉപയോഗിച്ചുവെന്നത് കോളേജ് ഭരണസംവിധാനത്തെ ക്കുറിച്ചറിയുന്നവർ ചിരിച്ചു തള്ളുകയേ ഉള്ളൂ.

നാല്

എ ഗ്രേഡ് കാറ്റഗറിയിൽ പെട്ട ഈ വലിയ കോളേജിൽ വൈസ് പ്രിൻസിപ്പാളെ നിയമിക്കുന്നതിനു വൈകിയ മാനേജ്മെൻ്റിനെയാണ് വിമർശിക്കേണ്ടത്. ഇപ്പോഴെങ്കിലും ചെയ്തല്ലോ എന്ന് ആശ്വസിക്കാം. മാധ്യമ വാർത്തകൾ വായിച്ചാൽ തോന്നുക ഇല്ലാത്ത ഒരു പോസ്റ്റ് ബിന്ദുവിനു വേണ്ടി ഉണ്ടാക്കി എന്നാണ്. വസ്തുത അതല്ല. സർക്കാരിന് അധിക ബാധ്യത ഉണ്ടാക്കുന്ന ഒന്നല്ല ഈ പദവി.ആ പദവിയിലിരിക്കുന്നയാൾക്കാണ് അധിക ജോലി.കേരളത്തിൽ തന്നെ നിരവധി സർക്കാർ ,എയിഡഡ് കോളേജുകളിൽ പ്രവർത്തന സൗകര്യം പ്രമാണിച്ച് വൈസ്. പ്രിൻസിപ്പാൽമാരുണ്ട്. സുഗമമായ നടത്തിപ്പിന് ആവശ്യമെങ്കിൽ ഇത്തരമൊരു തീരുമാനമെടുക്കുകയെന്നത് ഗവേണിംഗ് ബോഡിയായ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ വിവേചനമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും യു ജി സി യുടെയും നിയമങ്ങൾ അവരെ അതിനനുവദിക്കുന്നുണ്ട്

കഷ്ടി രണ്ടു വർഷമേ ആയിട്ടുള്ള നിയമം വന്നിട്ട് .2018 ൽ ഭേദഗതി ചെയ്ത റഗുലേഷൻസ് പ്രകാരം പ്രിൻസിപ്പാളിൻ്റെ ശുപാർശയിൽ സീനിയറായ ഫാക്കൽറ്റി മെംബറെ വൈസ് പ്രിൻസിപ്പലായി ഗവേണിംഗ് ബോഡിക്കു നിയമിക്കാം. വൈസ് പ്രിൻസിപ്പലിന്നു നൽകിയിരിക്കുന്ന ചുമതലകൾ, നാക് അക്രഡിറ്റേഷൻ, പി ടി എ, ‘കിഫ് ബി എന്നിവ വികസനത്തിലൂന്നിയവയും ജനാധിപത്യ സംവിധാനം ഉള്ളവയുമാണെന്ന് മനസ്സിലാക്കുക. ഡോ..ജയദേവൻ പ്രിൻസിപ്പൽ -ഇൻ-ചാർജ് മാത്രമാണെന്നത് കൊണ്ടു പ്രിൻസിപ്പൽ ശുപാർശയെന്ന സാങ്കേതികത നിലനിൽക്കുന്നില്ല. കോളേജിൻ്റെ വികസന മുന്നേറ്റത്തിനു ഉചിതവും സഹായകരവുമായ നടപടി ഗവേണിംഗ് ബോഡിക്കു എടുക്കാം. കുറച്ചു വൈകിയെങ്കിലും സ്ഥാപനത്തിൻ്റെ നന്മയെ കരുതി ഇതു ചെയ്തതിന് അവരെ അഭിനന്ദിക്കാം. ഇനിയുള്ളള്ള പ്രവർത്തനങ്ങളിലും മാനേജ്‌മെൻ്റ് ഈ ശുഷ്ക്കാന്തി തുടരുകയാണു വേണ്ടത്
ഡോ.എൻ.ആർ.ഗ്രാമപ്രകാശ് (കേരളവർമ്മ പൂർവ്വ വിദ്യാർത്ഥി, മുൻ രജിസ്ട്രാർ കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല)

കേരളവർമ്മ കോളേജ്:ഡോ.ആർ.ബിന്ദുവിനെ വേട്ടയാടുന്നവരുടെ രക്ഷ്ട്രീയ ദുഷ്ടലാക്ക് …

Posted by Grama Prakash on Tuesday, 17 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News