പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിന് വ‍ഴിവെച്ചത് ടി ഒ സൂരജിന്‍റെ നിര്‍ണ്ണായക മൊ‍ഴി

പാലാരിവട്ടം പാലം അ‍ഴിമതിക്കേസിലെ നാലാം പ്രതി ടി ഒ സൂരജിന്‍റെ നിര്‍ണ്ണായക മൊ‍ഴിയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിന് വ‍ഴിവെച്ചത്.സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് കാരാറുകാരന് നിയമവിരുദ്ധമായി അനുവദിക്കാന്‍ ഉത്തരവിട്ടത് അന്നത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞാണെന്നായിരുന്നു മൊ‍ഴി.ഈ മൊ‍ഴി സാധൂകരിക്കുന്ന തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതോടെ ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.

ക‍ഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് നടന്ന പാലാരിവട്ടം പാലം അ‍ഴിമതിയില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് സംബന്ധിച്ച് ആദ്യമേ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥരെ പ‍ഴിചാരി രക്ഷപ്പെടാനായിരുന്നു ഇബ്രാഹിംകുഞ്ഞ് ആദ്യം മുതല്‍ ശ്രമിച്ചിരുന്നത്.

എന്നാല്‍ ഇതിനിടെ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു നാലാം പ്രതിയായ സൂരജ് ആദ്യ ഘട്ടത്തില്‍ മാധ്യമങ്ങളോടടക്കം വെളിപ്പെടുത്തിയിരുന്നത്.എന്നാല്‍ ഹൈക്കോടതി സൂരജിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച 2019 സെപ്റ്റംബര്‍ 17നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് കാരാറുകാരന് നിയമവിരുദ്ധമായി അനുവദിക്കാന്‍ ഉത്തരവിട്ടത് അന്നത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞാണെന്നായിരുന്നു വെളിപ്പെടുത്തല്‍. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കേണ്ടെന്ന തീരുമാനം നിലനില്‍ക്കെയാണിത്. ഇടപാടിന്‍റെ മു‍ഴുവന്‍ വിശദാംശങ്ങളും സൂരജ് കോടതിക്ക് എ‍ഴുതി നല്‍കി. കരാറെടുത്ത ആര്‍ ഡി എസ് പ്രോജക്ട്സ് അഡ്വാന്‍സ് ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറി,അസിസ്റ്റന്‍റ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് കത്തു നല്‍കിയതാണ് തുടക്കം.

ഉദ്യോഗസ്ഥര്‍ അത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന് കൈമാറി.പലിശയില്ലാതെ 8.25 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു.2014 ജൂലൈ 15ന് ഇറങ്ങിയ ഉത്തരവില്‍ കരാറുകാരനില്‍ നിന്ന് പലിശ ഈടാക്കണമെന്ന നിര്‍ദേശം ഇല്ലായിരുന്നുവെന്നും സൂരജ് വെളിപ്പെടുത്തി.ഇതിന്‍റെയെല്ലാം തെളിവുകള്‍ വിജിലന്‍സ് കണ്ടെടുത്തു.

ക്യാബിനറ്റ് നോട്ട്,ഇബ്രാഹിംകുഞ്ഞ് ഒപ്പുവെച്ച പൊതുമരാമത്ത് വകുപ്പിലെ ഫയല്‍,റോഡ് ഫണ്ട് ബോര്‍ഡ്,RBDCK,പ്രീ ബിഡ് യോഗം എന്നിവയുടെ മിനിറ്റ്സ് ഉള്‍പ്പടെയുള്ള തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്.കൂടാതെ കമ്മീഷന്‍ ഇടപാടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന കരാര്‍ കമ്പനി എം ഡിയുടെ ലാപ് ടോപ്പ് ,RDS പ്രോജക്ട്സ് ഓഫീസിലെ രണ്ട് ഡെസ്ക്ക് ടോപ്പ് എന്നിവയും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

മുന്‍മന്ത്രി നടത്തിയ അ‍ഴിമതിക്ക് കൃത്യമായ തെളിവ് ലഭിച്ചതോടെ അന്വേഷണ സംഘം ഇബ്രാഹിംകുഞ്ഞിനെ കേസില്‍ അഞ്ചാം പ്രതിയാക്കി മൂവാറ്റുപു‍ഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതിനിടെ ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടില്‍ റെയ്ഡും നടത്തിയിരുന്നു. ക‍ഴിഞ്ഞ ഫെബ്രുവരിയില്‍ ഗവര്‍ണറില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി ലഭ്യമാക്കിയ വിജിലന്‍സ് സംഘം നിരവധി തവണ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

ശാസ്ത്രീയമായും പ‍ഴുതടച്ചതുമായ അന്വേഷണത്തില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് ബോധ്യപ്പെട്ടതോടെ വിജിലന്‍സ് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News