പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് റിമാന്‍ഡില്‍; ആശുപത്രിയില്‍ തുടരും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിജിലന്‍സ് ജഡ്ജി നേരിട്ടെത്തിയാണ് റിമാന്റ് ചെയ്തത്.എന്നാല്‍ ആരോഗ്യസ്ഥിതി പരിഗണിച്ച് ഇബ്രാഹിം കുഞ്ഞിന് ആശുപത്രിയില്‍ തുടരാന്‍ അനുമതി ലഭിച്ചു.അതേ സമയം വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും.

രാവിലെ 10.30 ഓടെയാണ് വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു പോകുമോ എന്ന സംശയം നിലനില്‍ക്കെ ആശുപത്രിയധികൃതരുടെ അറിയിപ്പ് പുറത്തുവന്നു.ഡിസ് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചു. ഇതെത്തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആദ്യം തീരുമാനിച്ചത്.എന്നാല്‍ റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ആശുപത്രിയില്‍ നേരിട്ട് വരാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

വൈകീട്ട് 6 മണിയോടെ ജഡ്ജി ആശുപത്രിയിലെത്തി.തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിഗണിച്ച് ആശുപത്രിയില്‍ തുടരാന്‍ അനുമതി നല്‍കി.പതിനഞ്ച് മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കി ജഡ്ജി ആശുപത്രിയില്‍ നിന്ന് മടങ്ങി. അതേ സമയം ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ അപേക്ഷയും കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News