കേരളവർമ്മ കോളേജ്; വൈസ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന അസത്യ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് എകെപിസിടിഎ

തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന അസത്യ പ്രചാരണങ്ങളെയും രാഷ്ട്രീയ ഗൂഢ നീക്കങ്ങളെയും തള്ളിക്കളയണമെന്ന് എകെപിസിടിഎ.

തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ വൈസ് പ്രിൻസിപ്പലായി ഡോ. ആർ. ബിന്ദുവിനെ നിയമിച്ച മാനേജ്മെൻറ് നടപടിയെ മുൻനിർത്തി ഒരുവിഭാഗം നിക്ഷിപ്ത രാഷ്ട്രീയ താൽപര്യക്കാർ ദുഷ്ടലാക്കോടെ നടത്തുന്ന അസത്യ പ്രചരണം തള്ളിക്കളയണമെന്ന് എകെപിസിടിഎ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

2018 ൽ യു.ജി.സി. പുറത്തിറക്കിയ റെഗുലേഷൻ ഭാഗം 4.1. VI പ്രകാരം കോളേജിലെ ഏറ്റവും സീനിയറായ ഫാക്കൽറ്റി അംഗത്തെ വൈസ് പ്രിൻസിപ്പലായി നിയമിക്കാനുള്ള അധികാരം കോളേജ് മാനേജ്മെന്റിൽ നിക്ഷിപ്തമാണ്. യു.ജി.സി.യുടെ റെഗുലേഷൻ ഇന്ത്യാരാജ്യത്തെ എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും ബാധകവുമാണ്.

നിയമപരമായ ഈ അധികാരം ഉപയോഗിച്ചാണ് കേരളവർമ്മ കോളേജിൽ പ്രിൻസിപ്പൽ കഴിഞ്ഞാൽ ഏറ്റവും സീനിയർ അദ്ധ്യാപികയും അസോസിയേറ്റ് പ്രൊഫസർമാരിൽ ഏക പി.എച്ച്.ഡി ബിരുദധാരിയും ആയ ഡോ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചത്. പ്രിൻസിപ്പൽ ,വൈസ് പ്രിൻസിപ്പൽ തസ്തികകൾക്ക് പരിഗണിക്കുന്ന അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ, നിലവിൽ ഉള്ള പ്രിൻസിപ്പൽ – ഇൻ -ചാർജി നേക്കാൾ ഒരു വർഷം സീനിയറുമാണ് ഡോ. ബിന്ദു.

പ്രിൻസിപ്പലിൽ നിന്നും വ്യത്യസ്തമായി വൈസ് പ്രിൻസിപ്പലിന്റെ ജോലി ഭാരത്തിൽ ഒരു മണിക്കൂർ പോലും ഇളവില്ല. സാധാരണ അദ്ധ്യാപകർക്കുള്ളതിനേക്കാൾ,
യാതൊരു തരത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ഈ തസ്തികയ്ക്ക് ഇല്ല . അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ പ്രിൻസിപ്പലിനെ സഹായിക്കുക എന്നതാണ് വൈസ് പ്രിൻസിപ്പലിന്റെ പ്രധാന ചുമതല.

നേരത്തെ സൂചിപ്പിച്ച യുജിസി റെഗുലേഷൻ,സർവീസ് നിയമങ്ങൾ എന്നിവ പ്രകാരം പ്രിൻസിപ്പലിൽ നിക്ഷിപ്തമായ യാതൊരു അധികാരങ്ങളും വൈസ് പ്രിൻസിപ്പലിനു നൽകുക സാധ്യവുമല്ല. ഇതെല്ലാം മറച്ചുവച്ചുകൊണ്ട് നിയമവിരുദ്ധമായ നിയമനം എന്ന പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് ശ്രീ കേരളവർമ കോളേജിനോടുള്ള ശത്രുതയും അസഹിഷ്ണുതയും പുതിയതല്ല എന്ന് എല്ലാവരും തിരിച്ചറിയണം.

കേരളവർമ്മ കോളേജിനേക്കൾ കുറവ് വിദ്യാർത്ഥികൾ ഉള്ള സെന്റ് തോമസ്, വിമല, ക്രൈസ്റ്റ്, സെന്റ് മേരീസ് കോളേജുകളിൽ വൈസ് പ്രിൻസിപ്പൽമാർ ഉണ്ടെന്ന സത്യം ഇവർ മറച്ചുവയ്ക്കുകയാണ്.

കേരളവർമ്മ കോളേജിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ കേസ് (16654/ 2019)നിലനിൽക്കുന്നതിനാൽ നിലവിൽ പ്രിൻസിപ്പൽ സ്ഥാനം വഹിക്കുന്ന വ്യക്തി ശമ്പളവിതരണാധികാരമുള്ള ചുമതലക്കാരൻ (DDO) മാത്രമാണ്. ഇപ്പോൾ രാജി വെച്ചില്ലെങ്കിൽപ്പോലും കോടതി വിധിക്ക് വിധേയമായി മാത്രമേ അദ്ദേഹത്തിന് പദവിയിൽ തുടരാനാകൂ എന്നതാണ് വസ്തുത.ഇതിനുമുൻപും കോളേജിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം രാജി വെക്കുകയുണ്ടായിട്ടുമുണ്ട്.

ഇത്തരം വസ്തുതകളെ പെരുപ്പിച്ച്കാണിച്ച് അസത്യങ്ങളുടെ അകമ്പടിയോടുകൂടി എഴുന്നള്ളിക്കുകയും മികച്ച യോഗ്യതയുള്ള ഒരു അദ്ധ്യാപികയെ അവഹേളിക്കാൻ തുനിയുകയും ചെയ്യുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും അടക്കമുള്ള മുഴുവൻ ജനാധിപത്യ സമൂഹത്തോടും എകെപിസിടിഎ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here