‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സിയുടെ സമ്മര്‍ദ്ദം’, സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത്

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് മൊഴി നല്‍കണമെന്ന് കേന്ദ്ര ഏജന്‍സിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്ത്. ഓണ്‍ലൈന്‍ മാധ്യമം ‘ദി ക്യു’ വിലൂടെയാണ് ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.

സ്വപ്നയുടെ ശബ്ദ രേഖയില്‍ പറയുന്നത്:

അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞു. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റില്‍ ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില് യു.എ.ഇയില്‍ പോയി സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ ചെയ്തിട്ടുണ്ടെന്ന്, എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത് മാപ്പുസാക്ഷിയാക്കാന്‍. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവര്‍ ചെലപ്പോ ജയിലില്‍ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട് ഒരു പാട് ഫോഴ്സ് ചെയ്തു. പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്നം ഉണ്ടാക്കിയത് കൊണ്ട്….. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് പുറത്തു വന്നിരിക്കുന്നത്.

ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കോടതി നിഷേധിച്ചുവെങ്കിലും അന്വേഷണ സംഘത്തോട് കോടതി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചിരിന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുവന്നുവെന്ന സ്വപ്‌നയുടെ ശബ്ദരേഖ പുറത്തു വന്നത്. അതുകൊണ്ട് തന്നെ ഈ കേസില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അതീവ നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel