പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ നിന്നും അന്തരാഷ്ട്ര നിലവാരത്തിലെക്ക് ഉയർന്ന സ്കൂളുകൾ. പൊതുവിദ്യാലയങ്ങളിലെക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക്. ഹൈടെക്ക് ക്ളാസ് മുറികൾ. ഇവയെല്ലാം നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ചില മാറ്റങ്ങൾ മാത്രം. രാഷ്ട്രീയത്തിനതീതമായി ആ മാറ്റത്തെയാണ് നാം ഇനി കാണാൻ പോകുന്നത്.
ഹൈടെക്ക് സ്കൂൾ പദ്ധതിക്കെതിരെ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുള്ള മറുപടി ആകെ മുഖം മാറിയ നമ്മുടെ പൊതുവിദ്യാലയങ്ങളാണ്. പൊതുവിദ്യാലയങ്ങളിൽ അധികമായെത്തിയ കുട്ടികൾ മുതൽ ഇൗ ഹൈടെക്ക് ക്ളാസ് മുറിയിൽ വരെ എത്തി നിൽക്കുന്നു മികവിന്‍റെ കേന്ദ്രങ്ങളുടെ വളർച്ച.
വിദ്യാഭ്യാസമേഖലയുടെ ഭൗതികവും അക്കാദമികവുമായ നിലവാരമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ഉയര്‍ത്തിയത്. മാറ്റത്തിലെ ഏറ്റവും പ്രധാനം 1991-92 അധ്യായന വർഷത്തിന് ശേഷമുള്ള പൊതുവിദ്യാലയങ്ങളിലെക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കാണ്. 2017-18ല്‍ 1,56,565ഉം 18-19 ല്‍ 1,84,728 കുട്ടികളും മുന്‍വര്‍ഷത്തെക്കാള്‍ അധികമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടി.
ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും സമയബന്ധിതമായി പാഠപുസ്തകം വിതരണം ചെയ്തു. സൗജന്യ യൂണിഫോം വിതരണവും ഉച്ചഭക്ഷണവും കൃത്യമായി നടത്തി. കൊവിഡ് കാലത്ത് ഭക്ഷ്യകിറ്റ് വിദ്യാർത്ഥികൾക്ക് വീട്ടിലെത്തിച്ചും മികച്ച മാതൃകയായി.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി വകയിരുത്തി 141 മികവിന്‍റെ കേന്ദ്രങ്ങൾ പൂർത്തിയായി. മൂന്നു കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 395 സ്‌കൂളുകള്‍. ഒരു കോടി രൂപ വീതമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 446 സ്‌കൂളുകളും പൂർത്തിയാക്കി. SC STഹൈടെക് സ്‌കൂള്‍ പദ്ധതി മറ്റൊരു നേട്ടമാണ്. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ സാങ്കേതിക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയും യാഥാർത്ഥ്യമാക്കി.
സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള 4752 സ്‌കൂളുകളില്‍ 58,430 ലാപ്‌ടോപ്പുകള്‍, 42,227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40,594 മൗണ്ടിങ് കിറ്റുകള്‍ തുടങ്ങിയവും 9046 പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പടെ 13,798 സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്ബാന്‍റ് കണക്ടിവിറ്റിയും നല്‍കി.
പ്രതിപക്ഷ എം.എൽ എമാരുടെ മണ്ഡലത്തിലെ സ്കൂളുകളിലടക്കം ഈ മാറ്റം പ്രകടമാണ് എന്നിരിക്കെയുള്ള പ്രതിപക്ഷ നേതാവിന്‍റെത് കേവല രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാകുന്നു .കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഗതകാല യശസ്സ് വീണ്ടെടുക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയമാണ് എന്നതാണ് ഇൗ മാറ്റം തെളിയിക്കുന്നതും
Get real time update about this post categories directly on your device, subscribe now.