സിബിഐക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി; അന്വേഷണം സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രം

സിബിഐക്കും കേന്ദ്ര സർക്കാരിനും മുന്നറിയിപ്പുമായി സുപ്രീംകോടതി ഉത്തരവ്. സിബിഐ അന്വേഷണങ്ങൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് കോടതി. ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണമെന്നും കോടതി.

CBI ഫെഡറൽ തത്വങ്ങൾ പാലിക്കുന്നില്ലെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട് ഉത്തരവ് ശരിവയ്‌ക്കുന്നു. ഉത്തർപ്രദേശിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ഉത്തർപ്രദേശിലെ 2 സർക്കാർ ഉദ്യോഗസ്ഥർ അവർക്കെതിരായ കൽക്കരി അഴിമതി കേസിൽ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സിബിഐക്കും കേന്ദ്ര സർക്കാരിനും തിരിച്ചടിയായ സുപ്രീംകോടതി നിരീക്ഷണങ്ങൾ.

ഫെഡറിലസം ഭരണഘടനയുടെ അടിസ്ഥാനങ്ങളിലൊന്നാണ് അത് പാലിക്കപ്പെടണമെന്നതിന്റെ ഭാഗമാണ് സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കിയത്. ഇത് ലംഘിച്ച് സി.ബി.ഐയുടെ അധികാരം സംസ്ഥാനങ്ങളിലേക്ക് നീട്ടാനാകില്ലെന്നാണ് കോടതി ഉത്തരവിട്ടത്.

ദില്ലി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ളിഷ്മെന്‍റ് നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐക്ക് സാധിക്കും. എന്നാൽ അതേ നിയമത്തിലെ ആറാം വകുപ്പിൽ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന കാര്യം
സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. കേരളത്തിൽ ലൈഫ് മിഷൻ പദ്ധതിയിലെ CBI അന്വേഷണത്തെ സംസ്ഥാന സർക്കാർ വിമർശിച്ചതും ഫെഡറൽ തത്വങ്ങൾ പാലിച്ചില്ല എന്ന് കാണിച്ചായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ അനുമതി നിര്ബന്ധമെന്ന നിലപാട് സുപ്രീംകോടതിയും വ്യക്തമാക്കിയത്.

ബിജെപി ഇതര സംസ്ഥാനങ്ങളിൽ അനുമതി ഇല്ലാതെ സിബിഐ കടന്നു കയറുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് 8 സംസ്ഥാനങ്ങൾ സിബിഐ അന്വേഷണത്തിന് പൊതു അനുമതി പിൻവലിച്ചിരുന്നു. CBI ഫെഡറൽ തത്വങ്ങൾ പാലിക്കുന്നില്ലെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട് ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി വിധി.

അതേസമയം മുന്‍കൂര്‍ പൊതുഅനുമതി നല്‍കിയ സംസ്ഥാനത്ത് പ്രത്യേക അനുമതി നല്‍കാത്തതിന്‍റെ പേരില്‍ മാത്രം അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഉത്തരവിൽ കോടതി പറയുന്നു. ഉത്തർ പ്രദേശ് കേസിൽ സർക്കാർ പൊതു അനുമതി നിലവിലുളളതിനാൽ പ്രത്യേക അനുമതി ആവശ്യമില്ല. അതിനാൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം റദ്ദാക്കാന്‍ വിസമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News