സ്വര്‍ണ്ണക്കടത്ത് കേസ്: കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്നു; ആരോപണം ശരിവച്ച് സ്വപ്‌നയുടെ ശബ്ദരേഖ

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളില്‍ കോടതിതന്നെ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് സത്യം തെളിയിക്കുക എന്നതിലപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ നീക്കങ്ങളും.സ്വര്‍ണ്ണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഈ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കുന്നതില്‍ ഏറെ മുന്നില്‍.

സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും പ്രതികളാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച ഇ ഡി രാഷ്ട്രീയ ഉന്നതരിലേക്ക് അന്വേഷണം എത്തിക്കാനുള്ള കരുക്കള്‍ അതിവേഗം മുന്നോട്ട് നീക്കി.ഇതിന്റെ ആദ്യപടിയായിരുന്നു സ്വപ്നയുടെ ലോക്കറിലെ കള്ളപ്പണം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കോഴയാണെന്ന കണ്ടെത്തല്‍.ഇതെത്തുടര്‍ന്ന് മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തു.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ലോക്കറിലെ കള്ളപ്പണം ശിവശങ്കറിന്റേതാണെന്ന് ഇ ഡി ആരോപിച്ചു.സ്വര്‍ണ്ണക്കടത്തിലൂടെ സമ്പാദിച്ച പണമാണ് സ്വപ്നയുടെ ലോക്കറിലുള്ളതെന്നായിരുന്നു എന്‍ ഐ എയുടെ കണ്ടെത്തല്‍.ഇ ഡി തന്നെ തങ്ങളുടെ ആദ്യറിപ്പോര്‍ട്ടില്‍ സമാനമായ കണ്ടെത്തലാണ് നടത്തിയത്.എന്നാല്‍ ലൈഫ് മിഷന്‍ കോഴയാണ് ലോക്കറിലെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു.

ലൈഫ് മിഷന്‍ കോഴയാണെങ്കില്‍ അതെങ്ങനെ ഈ കേസുമായി ബന്ധപ്പെടുത്താനാവുെമെന്നും കുറ്റപത്രത്തിലെ നിലപാടുകളില്‍ നിന്ന് അന്വേഷണ സംഘം മാറുകയാണൊ എന്നും കോടതി ചോദിച്ചതോടെ ഇ ഡിയുടെ രാഷ്ട്രീയ നീക്കത്തിന്റെ സൂചനകള്‍ പുറത്തായി.കൂടാതെ ശിവശങ്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതും ഇ ഡിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തെക്കുറിച്ചായിരുന്നു.

ഇഡിയുടെ ചോദ്യാവലിയുടെ ഓരോ പേജിലും രണ്ട് ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെക്കുറിച്ചാണെന്ന് ശിവശങ്കര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള അന്യായമായ രാഷ്ട്രീയ കുതന്ത്രത്തിനിടയില്‍പ്പെട്ടുപോയ ഇരയാണ് താനെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. 4 മാസമായി വിവിധ അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദം നേരിട്ട സ്വപ്ന ഇപ്പോള്‍ നല്‍കിയതായി പറയുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ ഡി മെനഞ്ഞ കള്ളക്കഥയാണിതെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇ ഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവില്ലെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.നവംബര്‍ 10ന് സ്വപ്ന നല്‍കിയ മൊഴിയെക്കുറിച്ചാണ് കോടതി സംശയം പ്രകടിപ്പിച്ചത്.

സ്വപ്ന സ്വമേധയാ നല്‍കിയ മൊഴിയാണൊ അതോ സമ്മര്‍ദ്ദം ചെലുത്തി പറയിപ്പിച്ചതാണൊ എന്ന് കര്‍ശനമായി പരിശോധിക്കപ്പെടേണ്ടതാണ് എന്നായിരുന്നു കോടതി നിരീക്ഷണം.ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയും പുറത്തായിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് വരെ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന പറയുമ്പോള്‍ അന്വേഷണ ഏജന്‍സി അവരുടെ രാഷ്ട്രീയ താല്‍പ്പര്യം നിറവേറ്റാന്‍ ഏതറ്റംവരെയും പോകും എന്നതിന് വലിയ തെളിവാകുകയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ശബ്ദരേഖ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News