എതിരില്ലാതെ എല്‍ഡിഎഫ്; ആന്തൂരില്‍ ആറിടത്തും മലപ്പട്ടത്ത് അഞ്ചിടത്തും ജയം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചു. മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു. മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോള്‍ തന്നെ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് ഉണ്ടാക്കിയത്.

ആന്തൂര്‍ നഗരസഭയിലെ രണ്ട്, മൂന്ന്, 10, 11,16,24 വാര്‍ഡുകളാണ് ഇടതുപക്ഷം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും ഡമ്മി സ്ഥാനാര്‍ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനും ബിജെപിക്കും മരുന്നിനുപോലും ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താനായില്ല.

2015ല്‍ നഗരസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 14ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിച്ച 14 സീറ്റിലും മുന്നണി സ്ഥാനാര്‍ഥികള്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ആദ്യ നഗരസഭയെന്ന ഖ്യാതിയും ആന്തൂരിന് സ്വന്തമായിരുന്നു.

ശ്രീകണ്ഠപുരം മലപ്പട്ടം പഞ്ചായത്തിലെ മൂന്ന്,അഞ്ച്,എട്ട്,ഒമ്പത്, പതിനൊന്ന് വാര്‍ഡുകളിലാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത്. മൂന്നാം വാര്‍ഡ് അഡുവാപ്പുറം നോര്‍ത്തില്‍ ടി സി സുഭാഷിണി, അഞ്ചാം വാര്‍ഡ് കരിമ്പീല്‍ കെ വി മിനി, എട്ടാം വാര്‍ഡ് മലപ്പട്ടം ഈസ്റ്റില്‍ കെ പി രമണി, ഒമ്പതാം വാര്‍ഡ് മലപ്പട്ടം വെസ്റ്റില്‍ ടി കെ സുജാത, പതിനൊന്നാം വാര്‍ഡ് കൊവുന്തലയില്‍ കെ സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 2005ല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ദേശീയ ശ്രദ്ധ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here