കണ്ണൂരില്‍ എതിരില്ലാതെ എല്‍ഡിഎഫ്; 15 ഇടങ്ങളില്‍ വിജയം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ തന്നെ വിജയ തുടക്കമിട്ട് എല്‍ഡിഎഫ്. കണ്ണൂരില്‍ വിവിധ ഇടങ്ങളിലായി 15 ഇടത്താണ് ഇടതുപക്ഷം എതിരില്ലാതെ വിജയിച്ചത്. ആന്തൂര്‍ നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ നേടിയ ജയത്തോടെയാണ് എല്‍ഡിഎഫ് തേരോട്ടം തുടങ്ങിയത്.

മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു. തളിപ്പറമ്പില്‍ ഒന്ന്, കോട്ടയം മലബാര്‍-ഒന്ന്, കാങ്കോല്‍ ആലപ്പടമ്പ്-1 എന്നിങ്ങനെ കണ്ണൂര്‍ ജില്ലയില്‍ 15 സീറ്റുകളില്‍ എതിരില്ലാതെയാണ് എല്‍ഡിഎഫ് വിജയിച്ചത്. മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോള്‍ തന്നെ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് ഉണ്ടാക്കിയത്.

ആന്തൂര്‍ നഗരസഭയിലെ രണ്ട്, മൂന്ന്, 10, 11,16,24 വാര്‍ഡുകളാണ് ഇടതുപക്ഷം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും ഡമ്മി സ്ഥാനാര്‍ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനും ബിജെപിക്കും മരുന്നിനുപോലും ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്താനായില്ല.

2015ല്‍ നഗരസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 14ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിച്ച 14 സീറ്റിലും മുന്നണി സ്ഥാനാര്‍ഥികള്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ആദ്യ നഗരസഭയെന്ന ഖ്യാതിയും ആന്തൂരിന് സ്വന്തമാക്കിയിരുന്നു.

സംസ്ഥാനത്ത് തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ഇതുവരെ150,144 പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരിക്കുന്നത്.  ഗ്രാമപഞ്ചായത്തുകളിലേക്ക് 1,13047എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 11,980 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,833 പത്രികകളുമാണ് ലഭിച്ചത്. 19,526 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,758 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News