കിഫ്ബിക്കെതിരായ നിയമപരമായ വാദങ്ങള്‍ക്ക് പോലും ക‍ഴമ്പില്ല; മുന്‍ നിയമസഭാ സെക്രട്ടറി വികെ ഭാനുപ്രകാശ്

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (KIIFB) കേരളത്തില്‍ നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായെങ്കിലും കിഫ്ബി കേരളത്തിലും സാധാരണക്കാര്‍ക്കിടയിലും ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ടൊരു കാലഘട്ടം ഉണ്ടായിട്ടുണ്ടാവില്ല. ഇടതുപക്ഷ സര്‍ക്കാറിന്‍റെ ദീര്‍ഘവീക്ഷണവും ഭാവനാപൂര്‍ണവുമായ ഇടപെടലിലൂടെ കോടികളുടെ വികസനമാണ് സംസ്ഥാനത്തിന്‍റെ നാനാമേഖലയിലും നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ കേരളത്തിന്‍റെ മുഖച്ഛായയാകെ മാറുന്നത് കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞു. കേരളത്തിന്‍റെ കിഫ്ബി ലോകത്തിന്‍റെ വിവിധ കോണുകളില്‍ ചര്‍ച്ചയായി.

എന്നാല്‍ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യംമാത്രംവച്ച് നടത്തുന്ന കുപ്രചാരണങ്ങള്‍ കിഫ്ബിയെയും കേരളത്തിന്‍റെ വികസനത്തെ തന്നെയും പ്രതികൂലമായി ബാധിക്കുന്ന നിലയിലേക്ക് വളരുന്നു. എന്നാല്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി വിവിധ മേഖലയിലെ പ്രമുഖര്‍, സാമ്പത്തിക മേഖലയിലെയും നിയമ മേഖലയിലെയും വിദഗ്ദര്‍ കിഫ്ബിയുടെ പ്രാധാന്യവും പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളിലെ പൊള്ളത്തരവും ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നുണ്ട്.

നിലവില്‍ കിഫ്ബിക്കെതിരായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ വിശദമായി പരിശോധിച്ചുകൊണ്ട് കാര്യകാരണ സഹിതം മുന്‍ നിയമസഭാ സെക്രട്ടറിയായിരുന്ന വികെ ഭാനുപ്രകാശ് തന്‍റെ ലേഖനത്തിലൂടെ വിശദീകരിക്കുന്നുണ്ട്.

ലേഖനത്തിന്‍റെ പൂര്‍ണ രൂപം വായിക്കാം

എന്താണ്‌ കിഫ്ബി

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് നവംബർ 11 ലെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം 1999 പ്രകാരം സ്ഥാപിതമായ ധനകാര്യ ബോർഡ് കോർപറേറ്റാണ്. കിഫ്ബിയുടെ പ്രധാന ലക്ഷ്യം കേരളത്തിന്റെ വികസനപദ്ധതികൾക്ക് ആവശ്യമായ ഫണ്ട് സമാഹരിച്ച് സംഭാവന ചെയ്യുക എന്നതാണ്. എങ്ങനെയാണ് ഫണ്ട് വിനിയോഗിക്കേണ്ടതെന്ന് സർക്കാർ പുറപ്പെടുവിച്ച ലെ ഉത്തരവു പ്രകാരം വിശദമാക്കിയിട്ടുണ്ട്.

ബജറ്റിൽ പ്രഖ്യാപിച്ച് 50,000 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഫണ്ട് നൽകിയിട്ടുണ്ട്. ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾക്കോ മന്ത്രിസഭ തീരുമാനിക്കുന്ന പദ്ധതികൾക്കോ ആണ് ഫണ്ട് നൽകുന്നത്. 2016ലെ നിയമഭേദഗതിയിലൂടെ കിഫ്ബി മസാല ബോണ്ടുകൾ ഇറക്കി വിദേശനിക്ഷേപം സ്വീകരിക്കാൻ തിരുമാനിച്ച് ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിലൂടെ 2019 മെയ്‌ 17 ന്‌ മസാല ബോണ്ടുകൾ വിതരണം ചെയ്യുകയും ചെയ്തു.
ബോണ്ടുകളിലൂടെയുള്ള ധനസമാഹരണത്തിന് സർക്കാർ പൂർണ ഗ്യാരന്റിയും നൽകിയിട്ടുണ്ട്.

സർക്കാരിന് പദ്ധതികൾ നിർവഹിക്കുന്നതിന് ആവശ്യമായ ഫണ്ടുകൾക്ക് മുമ്പ്‌ റവന്യൂ വരുമാനം മാത്രമായിരുന്നു ആശ്രയം. റവന്യൂ വരുമാനം അപര്യാപ്തമായതിനാൽ കടമെടുത്തുവേണം പദ്ധതികൾ
പൂർത്തിയാക്കാൻ. എന്നാൽ, സംസ്ഥാനങ്ങൾക്ക് കടമെടുക്കുന്നതിന് കേന്ദ്ര സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. ആകെ വാർഷികവരുമാനത്തിന്റെ മൂന്ന്‌ ശതമാനത്തിനുമേൽ കടമെടുക്കാൻ അനുവാദമില്ല. അതിനാൽ സർക്കാരിന്‌ വെളിയിൽ ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമിച്ച് ധനസമാഹരണം നടത്തി ഫണ്ട്‌ നൽകുക എന്ന ഉദ്ദേശ്യത്തിലാണ് കിഫ്ബി സ്ഥാപിതമായത്.

മോട്ടോർ വാഹന ടാക്സിൽ നിന്നൊരു വിഹിതവും പെട്രോൾ സെസിൽനിന്ന്‌ ഒരു ശതമാനവും സർക്കാർ കിഫ്ബിയുടെ അടിസ്ഥാനമൂലധനമായി നൽകുന്നുണ്ട്. അതിനോടൊപ്പം റവന്യൂ ലഭിക്കുന്ന പദ്ധതികളിൽനിന്നുള്ള വരുമാനവുമാണ് കിഫ്ബിയുടെ ബാധ്യതകൾ തിരിച്ചടയ്‌ക്കുന്നതിന്റെ മൂലധനം. ഭരണഘടനാ വിരുദ്ധമെന്ന വാദത്തിന്റെ ഘടകങ്ങൾ ഭരണഘടനാ അനുച്ഛേദം 293 (1) പ്രകാരം കിഫ്ബി മസാല ബോണ്ടുകൾ ഇറക്കിയത് ഭരണഘടനാ വിരുദ്ധമെന്നാണ് വാദിക്കുന്നത്. അതിനായി താഴെ പറയുന്ന ഘടകങ്ങൾ ഉന്നയിക്കപ്പെടുന്നു.

1. ഭരണഘടനയുടെ അനുച്ഛേദം 293(1) പ്രകാരം സംസ്ഥാനങ്ങൾക്ക് ഇന്ത്യക്ക്‌ അകത്തുനിന്ന്‌ മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നൽകി വായ്പയെടുക്കാനാകൂ. അതിനായി സംസ്ഥാനം ഒരു നിയമം നിർമിച്ച് അത് നിശ്ചയിച്ച പരിധിക്കുള്ളിൽ മാത്രമേ വായ്പയെടുക്കാനാകൂ.
2. വിദേശ വായ്പയെടുക്കാൻ – സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് അനുച്ഛേദം 293(1) പ്രഖ്യാപിക്കുന്നു.
3. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം യൂണിയൻ ലിസ്റ്റിൽ (ലിസ്റ്റ് 1) 37–-ാമത് ഇനം വിദേശവായ്പ സംബന്ധിച്ചുള്ളതാണ്. അതിനാൽ യൂണിയൻ സർക്കാരിനുമാത്രമേ വിദേശവായ്പ സംബന്ധിച്ച് നിയമം നിർമിക്കാൻ അവകാശമുള്ളൂ. സംസ്ഥാനത്തിനാകില്ല.
4. സംസ്ഥാനത്തിന് നേരിട്ട് വിദേശവായ്പ എടുക്കാൻ അനുച്ഛേദം 293(1) പ്രത്യക്ഷത്തിൽ അനുവാദം നൽകാത്ത സാഹചര്യത്തിൽ കിഫ്ബിപോലുള്ള കോർപറേറ്റ്‌ ബോഡിയിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാൻ അനുവാദമില്ല.
5. അനുച്ഛേദം 293(1)ൽ ഉപയോഗിക്കുന്ന പദം സ്റ്റേറ്റ് എന്നത് നിർവചിക്കുമ്പോൾ സ്റ്റേറ്റിന്റെ ഉപകരണങ്ങളായ സ്ഥാപനങ്ങളും അതിന്റെ നിർവചനത്തിൽ വരുമെന്ന് അനുച്ഛേദം 12 വ്യക്തമാക്കുന്നു. അതിനാൽ സംസ്ഥാനം നിർമിച്ച കിഫ്ബി എന്ന ധനകാര്യ സ്ഥാപനവും സ്റ്റേറ്റിന്റെ ഉപകരണമായി നിർവചനത്തിൽ അനുച്ഛേദം 12 പ്രകാരം വരുമെന്നും അതിനാൽ അനുച്ഛേദം 293(1) ന്റെ നിരോധനത്തിന്റെ പല്ലുകൾക്കിടയിൽ കിഫ്ബി വന്നുവിഴുമെന്നാണ് മറ്റൊരു വാദം.

ഈ വാദങ്ങളുടെ കഴമ്പില്ലായ്മ

അനുച്ഛേദം 151(2) പ്രകാരം തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രഖ്യാപിക്കാൻ അക്കൗണ്ടന്റ് ജനറലിന് അധികാരമില്ല. കിഫ്ബിയെന്ന ധനസ്ഥാപനം സ്ഥാപിതമായത് 1999ലെ കിഫ്ബി നിയമപ്രകാരമാണ്. ഇത്തരമൊരു ധനകാര്യ സ്ഥാപനം നിയമപരമായി സ്ഥാപിക്കുന്നതിന് സംസ്ഥാനത്തിന് അവകാശമുണ്ട്. ആ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചാലേ കിഫ്ബിയും ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കാനാകൂ. അതിനുള്ള അധികാരം ഹൈക്കോടതിക്കും സുപ്രീംകോടതിക്കുമാണ്.

അക്കൗണ്ടന്റ് ജനറലിനല്ല. ശരിയാണ്, സംസ്ഥാനങ്ങൾക്ക് വിദേശവായ്‌പ നേരിട്ട് എടുക്കുന്നതിന് അനുച്ഛേദം 293(1) തടസ്സമുണ്ട്. കേരള സംസ്ഥാനം നേരിട്ട് വിദേശവായ്പ വാങ്ങിയിട്ടില്ല, വാങ്ങുന്നുമില്ല. എന്നാൽ, അനുച്ഛേദം 293(1) പ്രകാരം സംസ്ഥാനത്തിനല്ലാതെ മറ്റുള്ളവർക്ക് (വ്യക്തികൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ബോഡി കോർപറേറ്റുകൾ, കമ്പനികൾ) വിദേശവായ്പ വാങ്ങുന്നതിനായി തടസ്സമില്ല എന്നത് അനുച്ഛേദം 293(1) ഒറ്റ വായനയിൽത്തന്നെ വെളിവാക്കുന്ന കാര്യമാണ്.

അനുച്ഛേദം 12ൽ പറഞ്ഞിട്ടുള്ള സ്റ്റേറ്റിന്റെ നിർവചനം അനുച്ഛേദം 293(1)ന് ബാധകമല്ല. അനുച്ഛേദം 12 ലെ സ്റ്റേറ്റിന്റെ നിർവചനം ഭരണഘടനയുടെ പാർട്ട് 3ൽ വരുന്ന മൗലികാവകാശങ്ങൾക്ക് മാത്രമാണ് ബാധകമാക്കിയിട്ടുള്ളത്. സംസ്ഥാനങ്ങളുടെ ഭരണനിർവഹണത്തിലും നിയമനിർമാണത്തിലും മൗലികാവകാശ ലംഘനമുണ്ടായാൽ റദ്ദ് ചെയ്യാൻ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും അധികാരമുണ്ട്. അത്തരം മൗലികാവകാശ ലംഘനങ്ങളിൽ സ്റ്റേറ്റ് എന്നത് സ്റ്റേറ്റിന്റെ ഉപകരണങ്ങളായ സ്ഥാപനങ്ങളും വരുമെന്നാണ് അനുച്ഛേദം 12 പറയുന്നത്. വ്യക്തമായ മാനദണ്ഡങ്ങൾ 1981ലെ അജയ് ഹാസിയയുടെ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് പി എൻ ഭഗവതിയുടെ നേതൃത്വത്തിൽ വിധിച്ചിട്ടുണ്ട്. പാർട്ട് മൂന്നിലെ മൗലികാവകാശ ലംഘനങ്ങൾക്ക് മാത്രമേ അനുച്ഛേദം 12 പ്രകാരം സ്റ്റേറ്റിന്റെ സ്ഥാപനങ്ങളും വരുകയുള്ളൂ. മറ്റുള്ള അനുച്ഛേദങ്ങൾക്കൊന്നും 12ന്റെ നിർവചനം ബാധകമല്ല.

മസാലാ ബോണ്ടുകളുടെ നിയമപിൻബലം

1999ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമത്തിലെ (ഫെമ) 2016ൽ ഉണ്ടായ ഭേദഗതി ചട്ടപ്രകാരം ഇന്ത്യയിൽ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിക്കോ നിയമപ്രകാരം സ്ഥാപിച്ച ബോഡി കോർപറേറ്റിനോ റിസർവ് ബാങ്കിന്റെ അനുമതി പ്രകാരം വിദേശനിക്ഷേപം സ്വീകരിക്കാവുന്നതാണ്. ചട്ടത്തിലെ ഷെഡ്യൂൾ ഏഴിലെ നിബന്ധനകൾ പാലിക്കേണ്ടതാണ്.

കമ്പനിയോ ബോഡി കോർപറേറ്റോ അവരുടെ ഡീലറായി ഒരു ബാങ്കിനെ ചുമതലപ്പെടുത്തണം. ബാങ്കാണ് വിദേശനിക്ഷേപം സ്വീകരിക്കേണ്ടത്. കിഫ്ബി അപ്രകാരം ഒരു ബാങ്കിനെ ഡീലറായി നിയമിച്ച് റിസർവ് ബാങ്കിൽനിന്ന് ഫെമാചട്ടം 2016ലെ നിബന്ധന നിർദേശിക്കുന്ന അനുവാദം വാങ്ങിയാണ് മസാല ബോണ്ടുകൾ വിതരണം ചെയ്ത് അതിലൂടെ വിദേശ ധനസമാഹരണം നടത്തിയിട്ടുള്ളത്. അതിൽ ഭരണഘടനാവിരുദ്ധതയോ നിയമവിരുദ്ധത ഒന്നുംകാണപ്പെടുന്നില്ല. ഈ വിഷയങ്ങൾ കേരള ഹൈക്കോടതി വിശദമായി പരിശോധിക്കുമ്പോൾ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാകുന്നതാണ്.
(മുൻ നിയമസഭാ സെക്രട്ടറിയാണ്‌ ലേഖകൻ )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News