കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത് :എൻ എസ്  മാധവൻ കിഫ്ബിയെക്കുറിച്ച്: ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് കിഫ്ബി ഒരു വഴികാട്ടിയാകാം:

കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത് എന്ന് എൻ എസ്  മാധവൻ കിഫ്ബിയെക്കുറിച്ച്: ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് കിഫ്ബി ഒരു വഴികാട്ടിയാകാം:കിഫ്ബിക്കെതിരെ പ്രതിപക്ഷ ആക്ഷേപങ്ങൾ ഉയരുന്ന ഈ ദിവസങ്ങളിൽ തന്നെ എഴുത്തുകാരൻ എൻ എസ് മാധവൻ കിഫ്ബിയെകുറിച്ച് എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമാകുന്നു .

“സങ്കീർണവും പ്രയാസങ്ങൾ നിറഞ്ഞതുമായ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വികസനങ്ങൾ ഒന്നും നടക്കാതെ വരും എന്ന വിഷമഘട്ടത്തിൽ നിന്നും പുറത്തു കടക്കാനുള്ള വഴിയായാണ് 1999ൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി, നിയമം മൂലം നിലവിൽ വരുന്നത്. കിഫ്ബിക്കു മുൻപും പിൻപുമുള്ള കേരളത്തിലെ മൂലധനച്ചെലവു പരിശോധിച്ചാൽ ഈ നൂതനാശയം വിജയകരമായിരുന്നുവെന്നു നിസ്സംശയം പറയാൻ കഴിയും എന്ന് എൻ എസ് മാധവൻ.മലയാള മനോരമയ്ക്ക് നൽകിയ ലേഖനത്തിൽ ആണ് എൻ എസ്‌ മാധവൻ വളരെ വിശദമായി കിഫ്ബി എന്താണ് എന്നും ,ഇപ്പോൾ കേരളത്തിന് കിഫ്ബിയുടെ ആവശ്യമെന്താണ് എന്നും വിശദമാക്കുന്നത്.

ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 42,363 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ 533 പദ്ധതികൾക്കാണ് ഇതിനോടകം കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇവയിൽ 9928 കോടി രൂപയുടെ 238 പ്രവൃത്തികൾ/ടെണ്ടർ നടപടികളിലേയ്ക്ക് കടന്നു. 7893 കോടി രൂപ അടങ്കലുള്ള 193 പ്രവൃത്തികളുടെ നിർമ്മാണം/പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.

തിരിച്ചടവുകളെ പറ്റി ആകുലതപ്പെടുന്നവരോട് എൻ എസ്‌ മാധവൻ  പറയുന്നത് ഇതാണ്.
“നിത്യനിദാനച്ചെലവുകൾക്കു ശേഷം വികസനത്തിനായി തുക കണ്ടെത്താൻ പാടുപെടുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് കിഫ്ബി ഒരു വഴികാട്ടിയാകാം.നികുതിപിരിവ് ഊർജിതമാക്കിയും പാഴ്ച്ചെലവുകൾ കുറച്ചും ബജറ്റിന് അകത്തുനിന്നുതന്നെ കൂടുതൽ മൂലധനനിക്ഷേപം സാധ്യമാക്കണം. അസാധാരണ സന്ദർഭങ്ങളിൽ പ്രയോഗിക്കാവുന്ന ശാസ്ത്രമായി മാത്രം കിഫ്ബിയെ കാണണം”

കിഫ്ബി വായ്പകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങളെയും എൻ എസ് മാധവൻ തന്റെ ലേഖനത്തിൽ ഖണ്ഡിക്കുന്നുണ്ട്.”ഭരണഘടന ഉദ്ധരിച്ച് ഭരണഘടനാസ്ഥാപനമായ സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ), കിഫ്ബിയുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുകയാണ്. സംസ്ഥാന സർക്കാർ മറുവാദങ്ങളിലൂടെ പ്രതിരോധിക്കുന്നു. ഭരണഘടനയുടെ കാവൽക്കാരായ കോടതിയിൽനിന്നേ ഇതിനുള്ള അന്തിമമായ ഉത്തരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇത്രയും വർഷങ്ങൾക്കു ശേഷം സിഎജി മൗലികമായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അതിൽ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം. കിഫ്ബിയെ പല കാരണങ്ങൾകൊണ്ട് എതിർക്കുന്നവർ ഇംഗ്ലിഷിലെ ഈ പറച്ചിൽ ഓർക്കുന്നതു നല്ലതായിരിക്കും:കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത്!

കേരളത്തിന്‍റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുളള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും പണം ചെലവഴിക്കുന്നത്. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (എഐഎഫ്), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് (ഐഎന്‍വിഐടി) ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട് (ഐഡിഎഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ ദീര്‍ഘകാല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്.

കേരളത്തിന്റെ പ്രധാന പദ്ധതിയായ ഹൈടെക് ക്ലാസ് റൂം പദ്ധതി 45,000 ക്ലാസ്റൂമുകളില്‍ പൂര്‍ത്തിയാക്കിയത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. സാധാരണക്കാര്‍ക്ക് ആശ്രയമാകും വിധം താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടവും കിഫ്ബി വഴി നടപ്പാക്കി. ഹൃദ്രോഗ ചികിത്സക്കുള്ള കാത്ത് ലാബുകള്‍ ജില്ലാ ആശുപത്രികളില്‍ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പാക്കുന്നതും കിഫ്ബി വഴി തന്നെ. വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കാനുള്ള പദ്ധതി പൂര്‍ത്തീകരിച്ചതും കിഫ്ബി ഫണ്ടുപയോഗിച്ചാണ്.പൊതുവിദ്യാഭ്യാസ മേഖലയിൽ 2038 കോടി രൂപയുടെ 76 പ്രവൃത്തികൾക്ക് അംഗീകാരം നൽകി. അതിൽ 1376 കോടി രൂപയുടെ 49 എണ്ണം പ്രവൃത്തികൾ ടെണ്ടർ ചെയ്യുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിൽ 1614.42 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകിയപ്പോൾ 963.33 കോടി രൂപയുടെ പ്രവൃത്തികൾ ടെണ്ടർ ചെയ്തു. 678.02 കോടി രൂപയുടെ പ്രവൃത്തികൾ നിർമ്മാണത്തിലാണ്. 10491 കോടി രൂപയുടെ 249 പ്രവൃത്തികൾക്കാണ് പൊതുമരാമത്ത് വകുപ്പിൽ അനുമതി നൽകിയത്. ഇതിൽ 3717 കോടി രൂപയുടെ 111 പ്രവൃത്തികൾ ടെണ്ടർ നടപടികളിലേയ്ക്ക് കടക്കുകയും 3104 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുടിവെള്ള മേഖലയിൽ 66 പദ്ധതികൾക്കായി 3252.54 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകി. 1083.15 കോടി രൂപയുടെ 23 പദ്ധതികൾ നിർമ്മാണത്തിലേയ്ക്ക് നീങ്ങി. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനാണ് കിഫ്‌ബി സഹായകമാകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News