രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു; 22 ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം കേസുകള്‍

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. അവസാന പത്ത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് 22 ദിവസങ്ങൾ കൊണ്ട്. ഇന്നലെ 45,882 പുതിയ കേസുകളും 584 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.

എട്ട് ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന രോഗ ബാധയും പതിനാല് ദിവസത്തിനിടെയുള്ള ഉയർന്ന മരണ സംഖ്യയുമാണിത്. ഏറെ നാളുകൾക്ക് ശേഷം പ്രതിദിന രോഗ മുക്തരെക്കാൾ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ച് പത്ത് മാസമാകുമ്പോഴാണ് രോഗം ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടക്കുന്നത്. ഇന്നലെ രോഗ ബാധിതരായത് 45,882 ആളുകൾ. കഴിഞ്ഞ എട്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണിത്.

രോഗം ബാധിച്ചവരുടെ ആകെ എണ്ണം 90,04,366 ആയി. നവംബർ 7ന് ശേഷം ഇതുവരെ 50,000ൽ താഴെ പ്രതിദിന കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അവസാന പത്ത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് 22 ദിവസങ്ങൾ കൊണ്ടാണ്.

ഓരോ പത്ത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് കൂടുതൽ ദിവസങ്ങളെടുത്തത് 80 ലക്ഷത്തിൽ നിന്ന് 90 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യാനെടുത്ത ഈ കാലയളവാണ്. നവംബറിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ തുടരുന്നു.

8.2 ലക്ഷം കേസുകളാണ് ഇതേവരെ സ്ഥിരീകരിച്ചത്. അമേരിക്കയിൽ 25 ലക്ഷത്തോളം കേസുകളും മൂന്നാമതുള്ള ഫ്രാൻസിൽ 7. 3 ലക്ഷം കേസുകളും നവംബറിൽ റിപ്പോർട്ട് ചെയ്തു. ഇന്നലെ റിപ്പോർട്ട് ചെയ്ത 584 മരണങ്ങൾ 14 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന മരണ സംഖ്യയാണ്.

ആകെ മരണ സംഖ്യ 1,32,162 ആണ്. ഏറെ നാളുകൾക്ക് ശേഷം പ്രതിദിന രോഗ മുക്തരെക്കാൾ പ്രതിദിന കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. 45,882 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തി നേടിയത് 44,807 പേർ. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 491 പേരുടെ വർധനയുണ്ടായി.

4,43,794 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ എണ്ണം 90 ലക്ഷമായെങ്കിലും രോഗ മുക്തി നേടിയവരുടെ എണ്ണം 84 ലക്ഷം കടന്നിട്ടുണ്ട്. 84,28, 410 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന കോവിഷീൽഡ് വാക്സിന് 600 രൂപ വരെ വിലയുണ്ടാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ വ്യക്തമാക്കി.

വാക്സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടി ഡിസംബറിൽ സർക്കാരിനെ സമീപിച്ചേക്കും.
ഇന്ത്യയിലെ 12 ശതമാനം രോഗ ബാധിതരും 20 വയസിൽ താഴെ ഉള്ളവരെന്നാണ് യൂണിസെഫ് പഠന റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here