വി.മുരളീധരനും സുരേന്ദ്രനും ഏകാധിപതികളെപ്പോലെ പെരുമാറുന്നു: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചിയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കൃഷ്ണദാസ് പക്ഷമാണ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. വി.മുരളീധരനും സുരേന്ദ്രനും ഏകാധിപതികളെപ്പോലെ പെരുമാറുന്നുവെന്ന് കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദേശ പ്രകാരം പ്രശ്‌ന പരിഹാരത്തിനായാണ് സംസ്ഥാന ഭാരവാഹികളുടെ യോഗം കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തത്.

പാര്‍ട്ടിയില്‍ പ്രശ്‌നം സ്വാഭാവികമാണെന്നും ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യുമെന്നും യോഗം തുടങ്ങും മുന്‍പ് കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് സി പി രാധാകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ അത്തരം വിഷയങ്ങളൊന്നും ഇന്നത്തെ അജണ്ടയിലില്ലെന്നായിരുന്നു കേന്ദ്ര നേതാവിന്റെ വാക്കുകള്‍ തള്ളിക്കൊണ്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം. തുടര്‍ന്ന് നടന്ന യോഗത്തില്‍ വി മുരളീധരനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കൃഷ്ണദാസ് പക്ഷം ഉന്നയിച്ചത്.

മുരളീധരനും സുരേന്ദ്രനും ഏകാധിപതികളെപ്പോലെ പെരുമാറുന്നുവെന്നും ഭാരവാഹിത്വത്തില്‍ മുരളീധരപക്ഷക്കാരെ കുത്തി നിറയ്ക്കുന്നുവെന്നും കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ ആഞ്ഞടിച്ചു.നേതൃത്വത്തിന്റെ ഈ നിലപാടിനോടുള്ള എതിര്‍പ്പ് പ്രകടമാക്കിക്കൊണ്ട് നിരവധി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.ഇത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മുരളീധര വിരുദ്ധ വിഭാഗം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

അതേ സമയം നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ജെ ആര്‍ പത്മകുമാര്‍, മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എന്നിവര്‍ യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു.നേതാക്കളുടെ ചേരിപ്പോര് പരിഹരിക്കാനായി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ ഉദ്ദേശലക്ഷ്യം പരാജയപ്പെട്ടത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് ചര്‍ച്ചയില്‍ മധ്യസ്ഥത വഹിച്ച കേന്ദ്ര പ്രതിനിധികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News