ഒന്നരവര്‍ഷക്കാലം നേതാവില്ലാതെ ഒരു ദേശീയ പാര്‍ട്ടിക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും; പുതുതലമുറയിലേക്ക് കടന്നു ചെല്ലാന്‍ കോണ്‍ഗ്രസിന് ക‍ഴിഞ്ഞിട്ടില്ല: കപില്‍ സിബല്‍

ദേശീയ തലത്തിലും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. മുതിര്‍ന്ന നേതാവ് കപില്‍സിബല്‍ കൂടുതല്‍ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തുന്നതിനൊപ്പം താന്‍ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആവര്‍ത്തിക്കുകയാണ്.

ഇന്ത്യാ ടുകേ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ സ്വന്തം പാര്‍ട്ടിയെ കുറിച്ചുള്ള തന്‍റെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചത്.

‘ഈ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത് രാഷ്ട്രീയ സ്വേച്ഛാധിപതികളും സാമ്പത്തിക പ്രഭുക്കന്മാരുമാണ്, പോരാട്ടം അവര്‍ക്കെതിരെയാണ്. മുഴുവന്‍ പ്രതിപക്ഷവും നശിപ്പിക്കപ്പെടുന്നു, അതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുള്ള വഴിയില്‍ ഒരു സംഭാഷണമെങ്കിലും ആരംഭിക്കേണ്ടത്’, കപില്‍ സിബല്‍ പറഞ്ഞു.

കപില്‍ സിബല്‍ രജ്ദീപ് സര്‍ദേശായിയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഒന്നരവര്‍ഷം മുന്‍പ് രാഹുല്‍ പറഞ്ഞു, അദ്ദേഹത്തിന് പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ളയാളെ ആ സ്ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷക്കാലം ഒരു നേതൃത്വമില്ലാതെ എങ്ങനെയാണ് ദേശീയ പാര്‍ട്ടിയ്ക്ക് പ്രവര്‍ത്തിക്കാനാകുക?

ജൂലൈ 30 ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റംഗങ്ങളെല്ലാം ചേര്‍ന്ന് ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് നടന്നു. ഇതേ വിഷയം ഞാന്‍ അന്നും ഉന്നയിച്ചു. ഞങ്ങള്‍ 23 പേര്‍ ഓഗസ്റ്റില്‍ കത്തെഴുതി.

അതിനെക്കുറിച്ചൊന്നും ഒരു കാര്യവും പിന്നീട് സംസാരിച്ചില്ല. ആരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. പാര്‍ട്ടി ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് വേണം.

2017 ല്‍ രാഹുല്‍ പ്രസിഡണ്ട് സ്ഥാനത്തേക്കെത്തുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്.

2011 നും 2020 നും ഇടയില്‍ 10 കോടി പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നുവന്നത്. നമുക്ക് അവരിലേക്ക് കടന്നുചെല്ലാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here