കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്ക് ദേശീയ അംഗീകാരം. 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍ തന്നെ. വിദ്യാഭ്യാസ മേഖലയിൽ നീതി ആയോഗിന്‍റെ മികച്ച മാതൃകാ പട്ടികയില്‍ കൈറ്റ് ഇടംപിടിച്ചു.
കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൊല്ലം ചാത്തന്നൂര്‍ , കോഴിക്കോട് പനങ്ങാട് , കോട്ടയം വാഴൂര്‍ , കണ്ണൂര്‍ മുണ്ടേരി, മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. അംഗീകാരം നേടിയത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇത്തവണയും നിലനിത്തി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ 80 സ്ഥാപനങ്ങളാണ് ആകെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്. 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്‍റുകള്‍ വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്.
വിദ്യാഭ്യാസം മേഖലയിൽ മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയിലാണ് കൈറ്റ് ഇടം പിടിച്ചത്. ഇന്നൊവേഷന്‍, ടെക്നോളജി, ജെന്റര്‍ മെയിന്‍സ്ട്രീമിംഗ്, കണ്‍വര്‍ജേന്‍സ് തുടങ്ങിയ മേഖലകളില്‍ കാര്യമായി സ്വാധീനം ചെലുത്തിയതും രാജ്യത്തിനകത്തും പുറത്തും അനുകരിക്കാവുന്നതുമായ 23 പ്രോജക്ടുകളാണ് നേട്ടത്തിന് ഇടയാക്കിയത്.
അന്താരാഷ്ട്ര തലത്തിലെക്ക് ഉയർന്ന സംസ്ഥാനത്തെ സ്കൂളുകളിലെ മാറ്റത്തിന് ചുക്കാൻ പിടിച്ച കൈറ്റിന്‍റെ മാതൃക നടപ്പാക്കാൻ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, പശ്ചിമബംഗാള്‍, പഞ്ചാബ്, ന്യൂഡല്‍ഹി, ഒറീസ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ തീരുമാനിച്ചതും സംസ്ഥാനത്തിന് അംഗീകാരമാണ്. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായി ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങൾ.
Get real time update about this post categories directly on your device, subscribe now.