കേരളത്തിലെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്.നവംബര്‍ 25ന് വൈകുന്നേരം 5മണിക്ക് കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും.
പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിലായിരിക്കും പരിപാടി സംഘടിപ്പിക്കുക.സ്വര്‍ണക്കള്ളകടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വികസനത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് എ വിജയരാഘവന് പ്രസ്താവനയില്‍ അറിയിച്ചു.
സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എല്ലാ വികസന പദ്ധതികളും സ്തംഭിപ്പിക്കാന്‍ നോക്കുകയാണ്. കെ-ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് പാര്‍ക്ക്, ലൈഫ് മിഷന് തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് കിഫ്-ബി വഴി വായ്പ എടുക്കുന്നത് തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി & എ.ജിയുടെ റിപ്പോര്‍ട്ട്.
ഇതുവഴി സംസ്ഥാനത്താകെ നടത്തുന്ന 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്പ്പിക്കുന്നതിനാണ് ശ്രമിയ്ക്കുന്നത്. സ്കൂളുകളുടെ ആധുനിക വത്ക്കരണം, ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തല്‍, ദേശീയപാത വികസനം, റോഡുകള്‍ – പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരത്തില്‍ വികസനത്തിന്റെ ഈ നേട്ടം എല്‍.ഡി.എഫിന് രാഷ്ട്രീയമായി അനുകൂലമാകുമെന്ന് ഭയന്നാണ് യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് ഇത്തരം സങ്കുചിത പ്രവര്‍ത്തനത്തിന് തയ്യാറാകുന്നത്.
അതോടൊപ്പം പ്രളയവും കോവിഡും പോലുള്ള മഹാദുരന്തങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുകയും ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി അതിജീവിക്കുന്നതിന് സമര്‍ത്ഥമായ നേതൃത്വം നല്‍കുകയും ചെയ്ത മുഖ്യമന്ത്രിയേയും സഹപ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള ആസൂത്രിത ശ്രമവുമുണ്ട്.
കേന്ദ്ര ഏജന്‍സികളെ ഈ ലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്തുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും അതിന്റെ നേനൃത്വത്തെ കരിവാരി തേയ്ക്കാനും നടക്കുന്ന നികൃഷ്ട നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം വളര്‍ത്തിക്കൊണ്ടുവരണം.
`കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വികസന സംരക്ഷണ ദിനമായാണ് ഈ പരിപാടി സംഘടിപ്പിക്കുക. ഈ പ്രക്ഷോഭത്തില്‍ കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങളും അണിചേരണമെന്ന് എ.വിജയരാഘവന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here