ബൊമ്മിയിലേക്കുള്ള അപര്‍ണയുടെ യാത്ര പങ്കുവെച്ച് ‘സൂരറൈ പോട്ര്’ ടീം

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥ പറയുന്ന തമിഴ് ചിത്രം സൂരറൈ പോട്ര് മികച്ച പ്രതികരണം നേടുകയാണ്. സൂര്യക്കൊപ്പം നായികയായി എത്തിയ അപര്‍ണ ബലമുരളിയുടെ അഭിനയം ശ്രദ്ധനേടുകയാണ്. മധുര തമിഴില്‍ വളരെ അനായാസം അഭിനയിച്ച അപര്‍ണയുടെ ബൊമ്മി എന്ന കഥാപാത്രം വളരെയധികം പ്രശംസ നേടി. ഇപ്പോഴിതാ, ബൊമ്മിയാകാനുള്ള അപര്‍ണയുടെ തയ്യാറെടുപ്പ് പങ്കുവയ്ക്കുകയാണ് ‘സൂരറൈ പോട്ര്’ ടീം.

ഓഡിഷനിലൂടെയാണ് അപര്‍ണയെ സുധ കൊങ്കര കണ്ടെത്തിയത്. പിന്നീട് മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും ഒടുവിലാണ് അപര്‍ണ ബൊമ്മിയായി മാറിയത്. സാധാരണ തമിഴില്‍ നിന്നും വ്യത്യസ്തമായി മധുര തമിഴാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപര്‍ണയ്ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. അപര്‍ണയുടെ പരിശീലനമാണ് സൂരറൈ പോട്ര് ടീം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. അപര്‍ണ ബാലമുരളി തന്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

സൂര്യയാണ് സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ ജി ആര്‍ ഗോപിനാഥിന്റെ വേഷത്തില്‍ എത്തിയത്. ‘അമ്മ വേഷത്തില്‍ ഉര്‍വ്വശിയും, ഭാര്യയായി അപര്‍ണ ബലമുരളിയും വേഷമിട്ടു. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

സ്പൈസ് ജെറ്റുമായി സഹകരിച്ചാണ് പ്രൊമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ 70 കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്രയും ഒരുക്കിയിരുന്നു. സൂര്യയ്ക്കും അപര്‍ണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here