‘അഴിമതി വിട്ടു, കൊറോണയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്’; എല്ലാ വാര്‍ഡുകളിലും കോവിഡ് വാക്‌സിനെന്ന് യുഡിഎഫ് വാഗ്ദാനം

ഈ തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുന്നത് സ്ഥിരതയില്ലാത്ത യുഡിഎഫിന്റെ നിലപാടുകളാണ്. രമേശ് ചെന്നിത്തല പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ‘അഴിമതിക്കെതിരെ വോട്ട്’ എന്ന യുഡിഎഫിന്റെ മുദ്രാവാക്യം പ്രകടനപത്രികയില്‍ കാണാനില്ല എന്നതാണ് ഏറെ കൗതുകം. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്സിന്‍ എത്തിക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

അഴിമതിക്കേസില്‍ രണ്ട് യുഡിഎഫ് എംഎല്‍എമാര്‍ ജയിലിലാകുകയും കൂടുതല്‍ പേര്‍ക്കെതിരെ നടപടി വരികയും ചെയ്ത സാഹചര്യത്തില്‍ ഈ മുദ്രാവാക്യം തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കിയ യുഡിഎഫ് പ്രകടനപത്രികയുടെ പുതിയ മുദ്രാവാക്യം ‘പുനര്‍ജനിക്കുന്ന ഗ്രാമങ്ങള്‍, ഉണരുന്ന നഗരങ്ങള്‍’ എന്നതാണ്.

കൊവിഡിനെതിരെ വാക്സിന്‍ ഇന്ത്യയില്‍ എത്തിയാല്‍ അത് അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യം ഉണ്ടാവുമെന്നാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഇത്തവണ ഇല്ല. പുറത്തിറക്കിയ പ്രകടന പത്രിക സംബന്ധിച്ച് യുഡിഎഫിലെ നേതാക്കള്‍ക്കിടയിലും വ്യത്യസ്ഥ അഭിപ്രായങ്ങളാണ്. തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെയ്ക്കുന്ന ആശയം എന്തെന്നുപോലും നേതാക്കള്‍ക്ക് വ്യക്തതയുമില്ല.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രകടന പത്രികയില്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്. അന്ന് ബി.ജെ.പിയുടെ ഈ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് വാക്സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ട് യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here