ഇത് ചക്കയുടെ സീസൺ അല്ലെങ്കിലും കണ്ണൂർ പയ്യാമ്പലം സ്വദേശിനി ഷീബ സനീഷിന്റെ വീട്ടിൽ ചക്ക വിഭവങ്ങൾ സുലഭമാണ്. സംസ്കരിച്ചു സൂക്ഷിക്കുന്ന ചക്കയിൽ നിന്നും ഇരുന്നൂറോളം വിഭവങ്ങളാണ് ഷീബ തയ്യാറാക്കുന്നത്. ഭക്ഷണ സാധനങ്ങൾ മാത്രമല്ല പല്ല് തേക്കാനുള്ള പൽപ്പൊടി പോലും ഉണ്ടാക്കുന്നത് ചക്ക കൊണ്ടാണ്.
ചക്ക കൊണ്ടാണ് ഷീബയുടെ ഒരുദിവസം തുടങ്ങുന്നത് തന്നെ. ചക്ക മുള്ള് ഉണക്കിയതും പ്ലാവിലയും മാവിലയും കുരുളകും ഉപ്പും പൊടിച്ചു ചേർത്ത ചക്ക പൽപ്പൊടിയാണ് പല്ല് തേക്കാൻ ഉപയോഗിക്കുന്നത്. ദന്താരോഗ്യത്തിന് ഉത്തമമെന്നാണ് ഉപയോഗിച്ചു നോക്കിയവരുടെയെല്ലാം അഭിപ്രായം.
ചക്കയുടെ ഒരു ഭാഗം പോലും ഷീബ പാഴാക്കി കളയില്ല.ചക്കയുടെ ചുളയും കുരുവും ചകിണിയും മുള്ളും മടലുമെല്ലാം പല തരം ഉത്പന്നങ്ങളായി മാറും.
ചക്ക വിഭവങ്ങളെ കുറിച്ചുള്ള ഒരു ക്ലാസിന് പോയതാണ് വഴിത്തിരിവ്. ക്ലാസിൽ കിട്ടിയ ചെറിയ അറിവിനൊപ്പം പുതിയ പരീക്ഷണങ്ങൾ കൂടി ചേർന്നപ്പോൾ ഷീബയുടെ അടുക്കളയിൽ ഇരുന്നു റോളം ചക്ക വിഭവങ്ങൾ പിറവിയെടുത്തു.
ചക്കക്കുരു ബണ്ട്യ, ചക്കക്കുരു അരിക്കടുക്ക തുടങ്ങിയ പലഹാരങ്ങളാണ് ഷീബയുടെ മാസ്റ്റർ പീസ്. ചക്ക രുചിയിൽ മിക്സ്ചർ, ഉണ്ണിയപ്പം, മുറുക്ക് തുടങ്ങിയ പലഹാരങ്ങളുമുണ്ട്. വേനൽക്കാലത്ത് ദാഹം അകറ്റാൻ ചക്ക ഡ്രിങ്കും, വൈൻ ഇഷ്ടമുള്ളവർക്ക് വേണ്ടി നല്ല ഒന്നാന്തരം ചക്ക വൈനും ഷീബ തയ്യാറാക്കിയിട്ടുണ്ട്.
കുംബശീ വഴിയാണ് ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നത്.സീസൺ സമയത്ത് ചക്ക ശേഖരിച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കി സൂക്ഷിക്കുന്നത്.ചക്ക കിട്ടാത്ത സമയത്ത് ചക്ക കഴിക്കണം എന്ന് തോന്നിയാൽ ഷീബയുടെ വീട് തേടി പോകാം. വർഷം മുഴുൻ ചക്ക സീസണാണ് ഷീബയുടെ വീട്ടിൽ.
Get real time update about this post categories directly on your device, subscribe now.