ആന്തൂർ നഗരസഭയിൽ കിണഞ്ഞ് പരിശ്രമിച്ചിട്ടും കോൺഗ്രസ്സിനും ബി ജെ പിക്കും എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ കണ്ടെത്താനായില്ല.
മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികൾ വേണമെന്ന കെപിസിസി നിർദ്ദേശം നടപ്പാക്കാൻ കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിനായില്ല.
പ്രവാസി വ്യവസായി സാജൻ്റ ആത്മഹത്യയെ മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ യുഡിഎഫിനും ബിജെപി ക്കും സ്ഥാനാർത്ഥികളെ പോലും രംഗത്തിറക്കാനാകാത്തത് വൻ തിരിച്ചടിയായി.
ഇടത് പക്ഷത്തിന്റെ ശക്തി കേന്ദ്രമായ ആന്തൂർ നഗരസഭയിൽ എല്ലായിടത്തും സ്ഥാനാർഥികളെ നിർത്തും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൻ്റെയും ബി ജെ പി യുടെയും പ്രഖ്യാപനം.
മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തണമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ഡിസിസി ക്ക് കർശന നിർദേശം നൽകുകയും ചെയ്തു. എന്നാൽ കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല.ആറ് വാർഡുകളിൽ സ്ഥാനാർത്ഥിയാകാൻ ഒരാളെ പോലും കിട്ടിയില്ല.
ബിജെപി യുടെ അവസ്ഥയും ഇങ്ങനെ തന്നെ.സി പി ഐ എം സ്ഥാനാർത്ഥികളെ നിർത്താൻ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കോൺഗ്രസ്സും ബിജെപി യും ഉയർത്തുന്നത്.
എന്നാൽ സ്ഥാനാർത്ഥിയാകാൻ മുന്നോട്ട് വന്ന് ഭീഷണി കാരണം പിൻമാറേണ്ടി വന്ന ഒരാളെ പോലും അവതരിപ്പിക്കാൻ സാധിക്കുന്നില്ല. ഒരു സ്ഥാനാർത്ഥിയെ പോലും കണ്ടെത്താൻ കഴിയാതെ കുറ്റം സി പി ഐ എമ്മിന് മേൽ ആരോപിക്കുന്നത് അപഹസ്യമാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു
പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂരിൽ രാഷ്ട്രീയ മുതലെടുപ്പിന് കോൺഗ്രസ്സും ബി ജെ പി യും ശ്രമിച്ചിരുന്നു. എന്നാൽ ജനങ്ങൾ അത് തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ് ആറു വാർഡുകളിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചത്

Get real time update about this post categories directly on your device, subscribe now.