സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷംവരെ തടവും പി‍ഴയും; പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം

സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനുള്ള സര്‍ക്കാറിന്‍റെ ഭേദഗതി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചതോടെ നിയമമായി. നിയവിലെ നിയമത്തില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്താണ് നിയമം ഭേദഗതി ചെയ്തത്.

ഏതെങ്കിലും വിനിമയ മാര്‍ഗത്തിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള തരത്തില്‍ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് നിയമം.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിലും രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

പുതിയ നിയമഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുന്നതാണെന്നും, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും, ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നതടക്കം ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും, വിദഗ്ധരുമായി ചര്‍ച്ചനടത്തിയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതെന്നാണ് വിവരം.

ഐടി ആക്ട് 2000ലെ 66 എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം മറ്റുനിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല.

അതുകൊണ്ട് തന്നെ സൈബര്‍ മേഖലയില്‍ നടക്കുന്ന അതിക്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിന് നിയമങ്ങള്‍ അപര്യാപ്തമായി വന്നു. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here