കിഫ്ബിയെയും അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സി; മസാല ബോണ്ടുകളെ കുറിച്ച് അന്വേഷിച്ച് ആര്‍ബിഐക്ക് ഇഡിയുടെ കത്ത്

കിഫ്ബി വ‍ഴിയുളള കേരളത്തിന്‍റെ വികസനത്തെയും അട്ടിമറിക്കാന്‍ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

മസാല ബോണ്ടുകള്‍ വാങ്ങാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വിവരങ്ങള്‍ തേടി ഇഡി ആര്‍ബിഐയ്ക്ക് കത്തയച്ചു. സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കമെന്നും സൂചനയുണ്ട്.

സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണവുമായി എത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരള സര്‍ക്കാരിന്‍റെ വികസന പദ്ധതികളായ ലൈഫ് മിഷന്‍, കെ ഫോണ്‍, ഇ മൊബിലിറ്റി, ടോറസ് പാര്‍ക്ക് തുടങ്ങിയവയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്നതിനിടെയാണ് കിഫ്ബിയെയും അട്ടിമറിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.

കിഫ്ബി പദ്ധതിയിലേക്ക് നേരിട്ട് അന്വേഷണം ആരംഭിക്കാന്‍ ക‍ഴിയാത്ത എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, പദ്ധതിക്കായി പണം സമാഹരിക്കുന്ന മസാലബോണ്ടില്‍ എന്തെങ്കിലും പ‍ഴുത് ലഭിക്കുമോയെന്നാണ് അന്വേഷിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും മസാല ബോണ്ടുകള്‍ വാങ്ങിയ നടപടി ആര്‍ബിഐയുടെ അനുമതിയോട് കൂടിയാണോയെന്ന് ഇഡി പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ വിവരങ്ങള്‍ തേടി റിസബര്‍വ്വ് ബാങ്കിന് ഇഡി കത്തയച്ചു.

സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കമെന്നാണ് സൂചന. എന്നാല്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത സിഎജി റിപ്പോര്‍ട്ടിന് ആധികാരികത ഇല്ലാത്ത സാഹചര്യത്തില്‍ ഇഡിയുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്.

മസാലബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് സിഎജി ഉയര്‍ത്തുന്നത്. സമാനമായ ആരോപണമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസും ബിജെപി നേതാക്കളും ഉന്നയിക്കുന്നത്.

പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന വികസന പദ്ധതിയായ കിഫ്ബിയില്‍ കൈകടത്താന്‍ നിയമപ‍ഴുതുണ്ടോയെന്ന് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel