ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കത്തില്‍ നിന്നും പിന്മാറിയതായി വിജയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍

നടന്‍ വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും ഒക്ടോബറില്‍ എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി തമിഴ്‌നാടില്‍ ചര്‍ച്ചയായിരുന്ന വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഇതോടെ വലിയ ആഘോഷമായി .വിജയ്യുടെ ആരാധക സംഘടനയുടെ അതേ പേരിൽ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും ചെയ്തു. കുറച്ച് ദിവസത്തെഅഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും ചന്ദ്രശേഖര്‍ അറിയിച്ചു

തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തയിരുന്നു . ”എന്റെ പിതാവ് ശ്രീ. എസ്.എ. ചന്ദ്രശേഖര്‍ അവര്‍കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതായി ഇന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞു. അച്ഛന്‍ പാര്‍ട്ടി ആരംഭിച്ചതിനാല്‍ പാര്‍ട്ടിയില്‍ അണി ചേരാനോ പാര്‍ട്ടിക്ക് വേണ്ടി സേവനം നടത്തുവാനോ ഞാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്നില്ല. അച്ഛന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാര്‍ട്ടിക്കും ഞാനും എന്റെ പ്രസ്ഥാനവുമായും യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു.

എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.” എന്നായിരുന്നു വിജയ് യുടെ പ്രസ്താവന..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here