എന്താണ് മൈഗ്രൈൻ (Migraine) അല്ലെങ്കിൽ ചെന്നിക്കുത്ത്‌? ഡോ.ഡാനിഷ് സലിം എഴുതുന്നു

പല വിധത്തിലുള്ള തലവേദനകൾ നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ (Migraine) അഥവാ ചെന്നികുത്ത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ വരാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടു വരുന്നത്. ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും. ഇന്നിവിടെ മൈഗ്രേന്റെ കാരണങ്ങളും അത് എങ്ങനെ പ്രതിരോധിക്കാം എന്നും വിശദീകരിക്കാം.‌

മൈഗ്രേന്റെ കാരണങ്ങൾ എന്തൊക്കെ ?

ഇത് പിടിപെടാന്‍ കൃത്യമായ കാരണങ്ങള്‍ ഇല്ല. ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് വാസ്തവത്തിൽ മൈഗ്രേന്‍ ഉണ്ടാകുന്നത്.

പാരമ്പര്യഘടകങ്ങളുമായി വളരെ ബന്ധമുള്ള അസുഖമായിട്ടാണ് ഇതു കാണാറ്. അച്ഛനും അമ്മയ്ക്കും മൈഗ്രേൻ ഉണ്ടെങ്കിൽ കുട്ടികൾക്കും വരാം.

ഓരോരുത്തർക്കും വരുന്ന മൈഗ്രേൻ പ്രകോപനങ്ങൾ അഥവ ‘ട്രിഗറുകൾ’ (Trigger) വ്യത്യസ്തമാണ്. പൊതുവായി കണ്ടുവരുന്ന ചില കാരണങ്ങൾ നോക്കാം.

1∙ മാനസിക സംഘർഷം ഒരു പ്രധാന കാരണമാണ്. മൈഗ്രേന്റെ മറ്റൊരു പേരു തന്നെ ‘ടെൻഷൻ വാസ്കുലാർ ഹെഡ്‌എയ്ക്ക്’ എന്നാണ്

2∙ തിയറ്റർ, സ്പീക്കറുകൾ, മെഷീനുകൾ പ്രവർത്തിക്കുന്ന ശബ്ദം എന്നിങ്ങനെയുള്ള ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കേണ്ടി വരുമ്പോൾ മൈഗ്രേൻ വരാം.

3∙ ഉറക്കക്കൂടുതൽ, ഉറക്കമില്ലായ്മ, തടസപ്പെടുന്ന ഉറക്കം, വേണ്ടത്ര ഉറക്കം കിട്ടാതിരിക്കുക എന്നീ സാഹചര്യങ്ങളിലും മൈഗ്രേൻ വരാം.

4∙ അമിതമായി വെയിൽ കൊള്ളുക, കാലാവസ്ഥയിലെ മാറ്റം സഹിക്കാനാകാതെ വരിക എന്നിവയും മൈഗ്രേൻ ഉണ്ടാകും .

5∙ പൂക്കളുടെയോ പെർഫ്യൂമിന്റെയോ ചന്ദനത്തിരിയുടെയോ മറ്റോ ഗന്ധം ചിലർക്ക് രോഗകാരണമാകാം.

6∙ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും ചായയോ കാപ്പിയോ കുടിച്ചു ശീലിച്ചവർക്ക് അത് സമയത്ത് കിട്ടാതിരിക്കുമ്പോഴും മൈഗ്രേൻ ഉണ്ടാകാം.

7∙ ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിക്കുക, മൊബൈൽ ഫോൺ നോക്കുക, സിനിമ കാണുക തുടങ്ങിയവയും കാരണമായി മാറാം.

8∙ ആർത്തവമടുക്കുമ്പോഴും ആർത്തവസമയത്തും ചിലർക്ക് കടുത്ത തലവേദയുണ്ടാകാം.

9∙ ഹോർമോണുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗർഭനിരോധന ഗുളികകൾ, ആർത്തവം വൈകിപ്പിക്കാൻ കഴിക്കുന്ന ഗുളികകൾ കഴിക്കുന്നവരിലും മൈഗ്രേൻ കാണാറുണ്ട്.

10∙ ചില ആഹാര സാധനങ്ങൾ കഴിച്ചു കഴിഞ്ഞാലുടനെ മൈഗ്രേൻ വരാറുണ്ട്. ഉദാഹരണത്തിന് -മദ്യം, ചോക്ലേറ്റ്, ഐസ് ക്രീം തുടങ്ങിയവ.

എന്തൊക്കെയാണ്‌ ലക്ഷണങ്ങൾ ?

കൊടുങ്കാറ്റടിക്കും പോലെയാണ് മൈഗ്രേൻ വരുന്നത്. വേദന വരുന്ന ആദ്യ മണിക്കൂർ തൊട്ട് അത് തീരുന്ന ദിവസം വരെ രോഗിയെ മൊത്തത്തിൽ പിടിച്ചുലയ്ക്കും. തലയുടെ ഒരു വശത്തുനിന്നും തുടങ്ങി ക്രമേണ വർധിച്ച് തലമൊത്തം വ്യാപിക്കുന്ന അസഹ്യമായ വേദനയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം.ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാതാകുക, കാഴ്ചയ്ക്ക് പെട്ടെന്ന് മങ്ങൽ, ഇരട്ടിച്ചു കാണുക, കണ്ണു തുറക്കാൻ കഴിയാത്ത വിധം വേദന, തലകറക്കം, തലപ്പെരുപ്പ്, ഛർദി തുടങ്ങിയവയും ഈ രോഗം മൂലം അനുഭവപ്പെടുന്നു. ചിലർക്ക് ഈ അവസ്ഥ ദിവസങ്ങളോളം തന്നെ നീണ്ടു നിൽക്കും.

ചിലർക്ക് കണ്ണുകള്‍ക്കുള്ളിലോ തലയിലോ വലയങ്ങള്‍ കാണുന്ന പോലുള്ള അനുഭവപ്പെടും. ഇതിനെ ‘ഓറ’ എന്ന് പറയും. കടുത്ത തലവേദനയ്ക്കു മുൻപായി ‘ഓറ’ അഥവാ മുന്നറിയിപ്പുകൾ ഉണ്ടാകുക ആണെങ്കിൽ അതിനെ ക്ലാസിക്കൽ മൈഗ്രേന് എന്ന് വിളിക്കും. വേദന വരും മുൻപേ തന്നെ അതിനെ നേരിടാനുള്ള മാർഗങ്ങൾ തയാറാക്കി വയ്ക്കാമെന്നതിനാൽ ഓറ വളരെ സഹായകരമാണ്. സാധാരണഗതിയിൽ ഓറ വന്ന് ഒരു മണിക്കൂറിനുള്ളിൽ തലവേദന തുടങ്ങും.
https://fb.watch/1Xigp5IjH5/
Dr Danish Salim,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News