ഒരിക്കൽ കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിലെ ജനങ്ങളുടെ ജീവനും ശക്തിയുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്ത് പുരോഗമന കലാസാഹിത്യസംഘം

പുതിയ പോലീസ് നിയമ ഭേദഗതി ഓർഡിനൻസ് നടപ്പാക്കില്ല:
സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്യുന്നു.
പുരോഗമന കലാസാഹിത്യസംഘം
പുതിയ പോലീസ് നിയമഭേദഗതി ഓർഡിനൻസ് (118 എ.) നടപ്പാക്കേണ്ടതില്ല എന്നു തീരുമാനമെടുത്ത സംസ്ഥാന സർക്കാരിനെ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. പൗരാവകാശങ്ങൾക്കും ജനങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഏതെങ്കിലും നിലക്ക് ദോഷകരമാവുമോ എന്ന സംശയം ഉയർന്ന ഉടനെത്തന്നെ ഭേദഗതി നിയമം പുനപ്പരിശോധിക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണ്. ജനാധിപത്യത്തിനും മതേതര മാനവമൂല്യങ്ങൾക്കും വേണ്ടിയുള്ള കേരളത്തിലെ ഇടതുപക്ഷ ബദലിൻ്റെ നിതാന്ത ജാഗ്രതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.
ഭേദഗതി ഓർഡിനൻസ് പുറത്തു വന്ന ഘട്ടത്തിൽ തന്നെ അതിനെക്കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായങ്ങളും ക്രിയാത്മക നിർദ്ദേശങ്ങളും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എല്ലാ വിഭാഗങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് നിയമസഭയിൽ ചർച്ച ചെയ്ത് ആവശ്യമായ നിയമം കൊണ്ടുവരുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഇൻ്റർനെറ്റ് മനുഷ്യൻ്റെ സാമൂഹ്യമുന്നേറ്റത്തിലെ വലിയ കുതിപ്പാണ്. പക്ഷേ നിർഭാഗ്യവശാൽ ആ സാങ്കേതികവിദ്യ ഇന്ന് കോർപ്പറേറ്റ് മൂലധനത്തിൻ്റെ നിയന്ത്രണത്തിൽ ആകയാൽ അതിൻ്റെ മികവ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മാത്രമല്ല ലഭിക്കുന്നത്. കൊള്ളക്കും തട്ടിപ്പിനും കൊലക്കും ചൂഷണത്തിനും അത് ഉപകരണമാവുന്നു. ഈയൊരു നവമാധ്യമത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികൾക്ക് വിശേഷിച്ചും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെ ഭീകരമായ ആക്രമണങ്ങളുണ്ടാകുന്നു. ഇതിനെ പ്രതിരോധിക്കുക എന്നത് സർക്കാരിൻ്റെ പ്രധാനമായ ഉത്തരവാദിത്തമാണ്. അക്കാര്യത്തിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ല എന്നു തെളിഞ്ഞിട്ടുണ്ട്. ഇരയാവുന്ന മനുഷ്യർക്ക് പുതിയ നിയമത്തിൻ്റെ പിൻബലം ആവശ്യമാണ്. പക്ഷേ നിയമം നടപ്പാക്കുമ്പോൾ ജനങ്ങളുടെ ആശയ പ്രകാശന സ്വാതന്ത്ര്യത്തെ ഒരു നിലക്കും അത് ബാധിക്കാൻ പാടില്ല. അത്തരമൊരു കരുതലാണ് ഓർഡിനൻസ് പിൻവലിക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നത്.
ഒരിക്കൽ കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിലെ ജനങ്ങളുടെ ജീവനും ശക്തിയുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഷാജി എൻ.കരുൺ
(പ്രസിഡണ്ട്)
അശോകൻ ചരുവിൽ
(ജനറൽ സെക്രട്ടറി)
തിരുവനന്തപുരം
23.11.2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here