പാലാരിവട്ടം പാലം അ‍ഴിമതി: ഇബ്രാഹിംകുഞ്ഞിന് ഇന്ന് നിര്‍ണായകം

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ അറസ്റ്റിലായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം.

കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇബ്രാഹിംകുഞ്ഞിന്‍റെ കസ്റ്റഡി ആവശ്യപ്പെട്ടുളള അപേക്ഷ മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷയും പരിഗണനയ്ക്ക് വരും.

റിമാന്‍ഡിലാണെങ്കിലും ആശുപത്രിയില്‍ ക‍ഴിയുന്ന എംഎല്‍എയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും കോടതി ഇന്ന് പരിശോധിക്കും.

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ അറസ്റ്റിലായ വി കെ ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് വിജിലന്‍സിന്‍റെ ആവശ്യം. ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മന്ത്രി എന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്യുകയും സര്‍ക്കാരിന് വലിയ നഷ്ടം വരുത്തി വയ്ക്കുകയും ചെയ്തു.

അ‍ഴിമതിക്കായി ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തിയെന്നും വലിയ രീതിയില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കസ്റ്റഡി അപേക്ഷയില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. റിമാന്‍ഡിലാണെങ്കിലും ചികിത്സയ്ക്കായി ആശുപത്രിയില്‍ ക‍ഴിയുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടും കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ നിര്‍ണായകമാണ്.

കോടതി നിര്‍ദേശപ്രകാരം സ്വകാര്യ ആശുപത്രിയില്‍ ക‍ഴിയുന്ന ഇബ്രാഹീംകുഞ്ഞിന്‍റെ പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്ന് സമര്‍പ്പിക്കും. എറണാകു‍ളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.അനിതയുടെ നേതൃത്വത്തില്‍ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരാണ് പരിശോധന നടത്തിയത്. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാകും കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി പറയുക.

അതേസമയം ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മന്ത്രിയെന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ ഫയലില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നാണ് ജാമ്യാപേക്ഷയിലെ ഇബ്രാഹിംകുഞ്ഞിന്‍റെ പ്രധാന വാദം.

എന്നാല്‍ ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്നും മന്ത്രിയെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞിന് ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നുമാണ് വിജിലന്‍സിന്‍റെ വാദം. കമ്മീഷനായി ലഭിച്ച തുക ചന്ദ്രിക പത്രത്തില്‍ നിക്ഷേപിച്ചതടക്കമുളള കാര്യങ്ങളും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ജാമ്യാപേക്ഷയില്‍ ഇന്നും കൂടുതല്‍ വാദങ്ങള്‍ ഉണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News