സ്വര്‍ണ്ണക്കടത്ത് കേസ്: കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വിശദമായി ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടുള്ള കസ്റ്റംസിന്‍റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.
കസ്റ്റംസ് സൂപ്രണ്ട് വിവേകിന്‍റെ നേതൃത്വത്തില്‍ കാക്കനാട് ജയിലിലെത്തിയാണ് അന്വേഷണ സംഘം ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.തുടര്‍ന്ന് എറണാകുളം എ സിജെ എം കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തുവെന്ന് സ്വപ്ന മൊ‍ഴി നല്‍കിയതായി കസ്റ്റംസ് അവകാശപ്പെട്ടു.
ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചറിയാമായിരുന്നുവെന്ന്  ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍  സ്വപ്ന വെളിപ്പെടുത്തിയെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്തില്‍ കൂടുതല്‍പേരുടെ പങ്ക് അന്വേഷിക്കണം.ശിവശങ്കറിന് അറിവുണ്ടായിരുന്ന സ്വര്‍ണ്ണക്കടത്തിന്‍റെ രീതിയെക്കുറിച്ചും അന്വഷിക്കണം നടത്തണമെന്നും കസ്റ്റംസ് അറിയിച്ചു.അതിനാല്‍ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് കസ്റ്റംസ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്റ്റംസിന്‍റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.കസ്റ്റംസ് ശിവശങ്കറിനെ നേരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ല.എന്നാല്‍ പിന്നീട് ഇ ഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സ്വപ്നയെയും ശിവശങ്കറിനെയും കോടതി അനുമതിയോടെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here