നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ അവധി; ട്രെയിനുകള്‍ റദ്ദാക്കി; ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട് തീരം തൊടും. 100-110 കി.മീ. വേഗത്തില്‍ നിവാര്‍ തീരം തൊടാനിരിക്കെ തമിഴ്‌നാട്ടിലാകെ ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സാഹചര്യം കണക്കിലെടുത്ത് ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

സര്‍ക്കാര്‍ ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം 22 അടിക്ക് മുകളില്‍ ലെവല്‍ ഉയര്‍ന്നാല്‍ ചെമ്പറമ്പാക്കം തടാകത്തില്‍ നിന്ന് വെള്ളം ഒഴുക്കി വിടാനും മുഖ്യമന്ത്രി ഉത്തരവിറക്കി. നിലവില്‍ 21.2 അടിയിലാണ് വെള്ളമുള്ളത്.

അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും മറ്റും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ചെന്നൈയിലും ഇന്ന് നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നഗരത്തില്‍ 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ പല ജില്ലകളിലും ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.

മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലെ 290 കിലോമീറ്ററിനിടയില്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നിവാര്‍ കരയില്‍ കടക്കുമെന്നാണു പ്രവചനം. കരയില്‍ തൊടുന്ന കൃത്യമായ സ്ഥലം ഇന്ന് വൈകിട്ടോടെ അറിയാനാകും. 100-110 കിലോ മീറ്ററായിരിക്കും കരയില്‍ തൊടുമ്പോള്‍ കാറ്റിന്റെ വേഗം. ചിലയിടങ്ങളില്‍ ഇതു 120 കി.മീ.വരെയാകാം. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കായി ചെന്നൈയില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെ 21നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇന്നലെ രാത്രിയില്‍ ഇത് ചെന്നൈയ്ക്കു 490 കിലോ മീറ്റര്‍ അകലെയെത്തി. നിലവില്‍ മണിക്കൂറില്‍ 18 കിലോ മീറ്ററാണു വേഗം. ഇന്ന് ഉച്ചയോടെ ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതോടെ, വേഗം 50-65 കിലോമീറ്ററാകും. ഇറാനാണ് നിവാര്‍ എന്ന പേരു നല്‍കിയത്.

തമിഴ്‌നാട്ടില്‍ 7 ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നിവാര്‍ നാശം വിതയ്ക്കുമെന്നാണ് ആശങ്ക. കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ് പ്രവചനം. അരിയാലൂര്‍, പെരമ്പലൂര്‍, കള്ളക്കുറിച്ചി, പുതുച്ചേരി, തിരുവണ്ണാമല പ്രദേശങ്ങളെയും ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News