എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള ആസൂത്രിത ശ്രമം; ലുലു ഗ്രൂപ്പ്

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള ആസൂത്രിത ശ്രമമെന്നു ലുലു ഗ്രൂപ്പ് .
യാഥാര്‍ത്യവുമായി പുലബന്ധം പോലുമില്ലാത്ത കള്ളക്കഥകളാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ചമച്ചതെന്നു ലുലു അധികൃതര്‍ വ്യക്തമാക്കി. എം.എ.യൂസഫലിയ്ക്ക് എതിരെയുള്ള വ്യാജവാര്‍ത്ത സംബന്ധിച്ച് ലുലു ഗ്രൂപ്പ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ.

നയതന്ത്ര ബാഗേജ് വഴി നടന്ന സ്വർണക്കള്ളക്കടത്തുമായി പ്രമുഖ വ്യവസായി എം.എ.യൂസഫലിയ്ക്ക് ബന്ധമുണ്ടോ? അന്വേഷണ ഏജന്‍സികള്‍ കൂടി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ ബന്ധം പുറത്ത് വിടുന്നത് വിശ്വാസ്യത ഇല്ലാത്ത ചില മാധ്യമ പ്രവർത്തകരും അവർക്ക് സ്തുതി പാടുന്ന ചില ഓണ്‍ലൈന്‍ മീഡിയകളും മാത്രമാണ്.

ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് വിവാദമായിരിക്കെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങൾ യൂസഫലിയ്ക്ക് എതിരെ വ്യാജവാര്‍ത്ത ചമച്ച വാര്‍ത്ത കൂടി പുറത്ത് വരുന്നത്. ലോക്ക് ഡൌണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് സഞ്ചരിക്കാന്‍ യുഎഇ കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് കുറ്റകൃത്യ വാർത്താ ലേഖകർ വ്യാജ വാര്‍ത്ത ചമച്ചത്.

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ ഏറ്റെടുത്ത ഈ വ്യാജവാര്‍ത്ത ഇപ്പോഴും ദേശാന്തരഗമനം നടത്തുകയാണ്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത വാര്‍ത്തകളാണ് ചിലർ പടച്ചു വിടുന്നത് എന്ന് തെളിയിക്കുകയാണ് ഈ കഴിഞ്ഞ ദിവസം യൂസഫലിയ്ക്ക് എതിരെ സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത. സ്വര്‍ണം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുന്നതിനും ഒരാഴ്ച മുന്‍പ് തന്നെ കൊച്ചി വഴി ഫഹാസ് ദുബായിലേക്ക് പോയിട്ടുണ്ട് എന്ന് കൂടി അറിയുമ്പോഴേ ഈ വ്യാജവാര്‍ത്ത കഥ പൂര്‍ണമാവുകയുള്ളൂ.

സ്വപ്ന അറസ്റ്റ് ചെയ്യപ്പെടും മുന്‍പ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ താന്‍ യുഎഇ കോണ്‍സുലെറ്റിലെ ജീവനക്കാരി എന്ന് കാണിക്കാന്‍ വേണ്ടി ഹാജരാക്കിയ ഒരു കത്തിന്റെ ഉള്ളടക്കം വളച്ചോടിച്ചാണ് ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. ഇവർ പറയുന്നത് നയതന്ത്ര ബാഗേജ് വഴി വന്ന ഗോള്‍ഡ്‌ ഫഹാസ് അഷ്‌റഫ്‌ വഴി യൂസഫലിയ്ക്ക് തിരികെ അയക്കാന്‍ ആവശ്യപ്പെട്ടുള്ള ഒരു കത്ത് ഹാജരാക്കി എന്നാണ്. യുഎഇ കോണ്‍സല്‍ ജനറല്‍ അയച്ച കത്താണിത് എന്ന് പറഞ്ഞാണ് സ്വപ്ന ഈ കത്ത് ഹാജരാക്കിയത് എന്നാണ് ഇതിൽ പറയുന്നത്.

എന്താണ് സ്വപ്ന ഹാജരാക്കിയ കത്തിന്റെ ഉള്ളടക്കം എന്നറിയുമ്പോഴാണ് പൂച്ച് പുറത്താകുന്നത്. ഇതിൽ പറയുന്ന ഫഹർ അഷ്‌റഫ്‌ എന്ന വ്യക്തിയില്ല. ഈ വ്യക്തിയുടെ പേര് ഫഹാസ് അഷ്‌റഫ്‌ എന്നാണ്. ഫഹാസ് ഒരു വിദ്യാര്‍ഥിയാണ്. ഹഫാസ് ആരെന്നു അറിയുമ്പോഴാണ് വ്യാജ വാര്‍ത്തയെ കുറിച്ച് ശരിക്കും ഓര്‍ത്ത് ഞെട്ടേണ്ടത്. ഈ ഹഫാസ് യൂസഫലിയുടെ അനുജന്‍ അഷ്‌റഫ്‌ അലി എംഎയുടെ മകന്‍ ആണ്.

ഈ മകന്റെ കയ്യില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം കൊടുത്ത് വിടാനുള്ള ഒരു ലെറ്റര്‍ കോണ്‍സുലേറ്റ് ജനറല്‍ നല്‍കി എന്നാണ് ക്രിമിനൽ ജേര്ണലിസ്റ്റുകൾ പറയുന്നത്. ലോകത്ത് ഒരാളും വിശ്വസിക്കാത്ത ഈ വ്യാജവാര്‍ത്തയാണ് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ കത്തിന്റെ ഉള്ളടക്കം എന്നറിയുമ്പോഴാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളുടെ ആഴവും പരപ്പും വ്യക്തമാകുന്നത്.

യാഥാർഥ്യം ഇങ്ങനെ :

വിദ്യാര്‍ഥിയായ ഹഫാസ് ലോക്ക് ഡൌണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിപ്പോയി. യുഎഇയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കോണ്‍സല്‍ ജനറലിന്റെ അനുമതി കത്ത് വേണം. യുഎഇയിലേക്ക് തിരിക്കാനുള്ള അനുമതി തേടി ഹഫാസ് കത്ത് നല്‍കി. യുഎഇയില്‍ ആയിരുന്ന കോണ്‍സല്‍ ജനറല്‍ അനുമതി നല്‍കി കത്ത് തിരികെ അയച്ചു. ഈ കത്തിന്റെ കോപ്പി സ്വപ്നയ്ക്കും ലഭിച്ചു. താന്‍ കോണ്‍സുലെറ്റ് ജീവനക്കാരി എന്ന് വ്യക്തമാക്കാന്‍ സ്വപ്ന ഈ കത്തിന്റെ കോപ്പി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഒപ്പം നല്‍കി.

ഇത് വളച്ചൊടിച്ചാണ് സ്വര്‍ണം ഹഫാസ് വഴി യൂസഫലിയ്ക്ക് തിരികെ അയയ്ക്കാന്‍ കോണ്‍സല്‍ ജനറല്‍ കത്ത് നല്‍കി എന്ന് ചിലർ പറയുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപാടുകയും ചെയ്യുന്നത്. ഫഹാസ് തിരുവനന്തപുരത്ത് നിന്നല്ല കൊച്ചിയില്‍ നിന്നാണ് യുഎഇയിലേക്ക് പോയത് എന്ന് കൂടി അറിയുമ്പോഴാണ് പ്രമുഖരെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതൊക്കെ രീതിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കപ്പെടുന്നു എന്ന് വ്യക്തമാക്കപ്പെടുന്നത്.

ജൂണ്‍ മുപ്പതിനാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നയതന്ത്ര വഴിയില്‍ ഉള്ള സ്വര്‍ണം എത്തുന്നതും തടഞ്ഞുവയ്ക്കുന്നതും. എന്നാല്‍ ഫഹാസ് ദുബായിലേക്ക് പോയത് ജൂണ്‍ 23നാണ്. അതായത് സ്വര്‍ണം കസ്റ്റംസ് തടഞ്ഞു വയ്ക്കുന്നതിനും ഏഴു ദിവസം മുന്‍പ്. കൃത്യമായി പറഞ്ഞാല്‍ 2020 ജൂൺ 23ന് 17.45നുള്ള IX-1419 എയർ ഇന്ത്യ എക്‌സ്പ്രസിലാണ് കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്നും ഹഫാസ് അബുദാബിയിലേക്ക് പോകുന്നത്.

കസ്റ്റംസ് കേസ് ചാര്‍ജ് ചെയ്യുന്നത് ജൂലൈ 5 നും. അപ്പോള്‍ വ്യാജന്മാർ പറയുന്നത് ശരിയാണെങ്കില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് പോലുമില്ലാത്ത സ്വര്‍ണമാണ് ഫഹാസിന്റെ കയ്യില്‍ കൊടുത്തുവിടണം എന്ന് പറഞ്ഞു കോണ്‍സല്‍ ജനറല്‍ കത്ത് നല്‍കിയിരിക്കുന്നത്. ഇതും യൂസഫലിയ്ക്ക് എതിരെയുള്ള കള്ളക്കഥയ്ക്ക് നിലനില്‍പ്പ്‌ ഇല്ലാതാക്കി.

സമീപകാലത്ത് നടന്ന ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാര്‍ത്ത ചമയ്ക്കുന്നു എന്ന് വ്യക്തികളും സംഘടനകളും ആരോപണമുന്നയിക്കുന്നത്. ഓണ്‍ലൈന്‍ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ ശക്തമായ വികാരം അലയടിക്കുമ്പോള്‍ തന്നെയാണ് പ്രമുഖ വ്യവസായിയായ യൂസഫലിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലർ മനഃപൂർവം പടച്ചു വിട്ട വ്യാജവാര്‍ത്ത പൊളിഞ്ഞടുങ്ങിയ കഥ കൂടി കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിലേക്ക് തിരനോട്ടം നടത്തുന്നത്.

സ്വര്‍ണ്ണക്കടത്തുപോലുള്ള സംഭവങ്ങളുമായി ചേര്‍ത്തിണക്കി വ്യാജവാര്‍ത്ത സൃഷ്ടിച്ചതിനും മനപൂര്‍വം വ്യക്തി ഹത്യ നടത്തിയതിനും ഇവർക്ക് എതിരെയും തുടർ വ്യാജവാര്‍ത്ത സൃഷ്ടിച്ച ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് എതിരെയും നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഇന്ത്യയിലെ ലുലു ജീവനക്കാർ. രാജ്യത്ത് ആളുകള്‍ക്ക് എന്ത് അഭിപ്രായം പറയാന്‍ അവകാശമുണ്ടെങ്കിലും വ്യാജവാർത്തകൾ സൃഷ്ടിച്ച് വ്യക്തികളെ തേജോവധം ചെയ്യുവാൻ നമ്മുടെ മൂല്യവത്തായ ഭരണഘടന ആരെയും അനുവദിക്കുന്നില്ല.

തുടര്‍ച്ചയായി ലുലു ഗ്രൂപ്പിനെതിരെയും ഗ്രൂപ്പ് ചെയർമാനെതിരെയും വ്യാജവാര്‍ത്ത വരുന്നതില്‍ ലോകമെങ്ങുമുള്ള ലുലു ജീവനക്കാരും സംഘടിക്കുകയാണ്. കേരളത്തിലെ ഈ വ്യാജവാര്‍ത്തകള്‍ക്ക് എതിരെ കോടതിയെ സമീപിക്കുകയാണ് ഒരുങ്ങുകയാണ് ഇന്ത്യയിലെ ലുലുവിലെ ജീവനക്കാർ. ഭരണഘടന അനുശാസിക്കും വിധമുള്ള നിയമനടപടികളാണ് കേരളം , കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്‌, തെലുങ്കാന, ബീഹാര്‍, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here